
തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്‌നോപാര്‍ക്കിന്റെയും പ്രകടനം. കയറ്റുമതി വരുമാനത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 611 കോടി രൂപയുടെ വര്‍ധന ടെക്നോപാര്‍ക്ക് 2020-21ല്‍ നേടി. 460 കമ്പനികളില്‍ നിന്നായി ആകെ 8,501 കോടി രൂപയുടെ കയറ്റുമതിയുണ്ടായി.
ടെക്നോപാര്‍ക്കില്‍ പുതുതായി സൃഷ്ടിച്ചത് 1,500ല്‍ ഏറെ തൊഴിലവസരങ്ങള്‍. 41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം ചതുരശ്രയടി സ്ഥലമാണ് ടെക്നോപാര്‍ക്കില്‍ 202021 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതിനു പുറമേ 30 കമ്പനികള്‍ക്കായി 1,10,000 ചതുരശ്രയടി സ്ഥലം അനുവദിക്കുന്നതിനായി നടപടികള്‍ പുരോഗമിക്കുന്നു. ഇതുവഴിയാണ് അധിക തൊഴിലവസരങ്ങള്‍ ടെക്നോപാര്‍ക്കില്‍ ഉടന്‍ സൃഷ്ടിക്കപ്പെടുക.ഇപ്പോള്‍ 465 കമ്പനികളിലായി 63,700 ജീവനക്കാരാണ് ടെക്നോപാര്‍ക്കിലുള്ളത്.
ബഹിരാകാശ സാങ്കേതിക വിദ്യകളുടെ ഉല്‍പാദനവും വില്‍പനയും ലക്ഷ്യമിട്ട് ടെക്നോസിറ്റിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ടിസിഎസ് എയ്റോസ്പെയ്സ് ഹബ്, ലിവ് വര്‍ക്ക്‌പ്ലേ സങ്കല്‍പത്തില്‍ ടെക്നോപാര്‍ക്ക് ഫെയ്സ് 3 ക്യാംപസില്‍ 57 ലക്ഷം ചതുരശ്രയടിയില്‍ എംബസി ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം, ടെക്നോസിറ്റിയിലൊരുങ്ങുന്ന ബ്രിഗേഡ് എന്റര്‍പ്രൈസസിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയവയാണ് തൊഴിലവസരം സൃഷ്ടിക്കുന്ന പുതിയ സംരംഭങ്ങള്‍.
സര്‍ക്കാരിന്റെ മികച്ച പിന്തുണയും ഐടി കമ്പനികളുടെയും ഐടി കോ ഡെവലപ്പര്‍മാരുടെയും കൃത്യമായ പദ്ധതി നിര്‍വഹണവും മുഴുവന്‍ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനവുമാണ് നേട്ടം കൈവരിക്കാന്‍ സഹായകമായതെന്ന് കേരള സ്റ്റേറ്റ് ഐടി പാര്‍ക്ക്സ് സിഇഒ ജോണ്‍ എം. തോമസ് പറഞ്ഞു.