
മുംബൈ: ടാറ്റ സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,850 കോടി രൂപയ്ക്ക് ടെലികോം എക്വിപ്മെന്റ് നിര്‍മ്മാതാക്കളായ തേജസ് നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ 43.35% ഓഹരികള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ടെലികോം ഉപകരണ നിര്‍മ്മാതാക്കളാണ് തേജസ് നെറ്റ്വര്‍ക്സ്. ഈ കമ്പനിയെ ടാറ്റ എറ്റെടുത്തതോടെ 5ജി 4ജി ടെലികോം ഗിയറുകള്‍ക്ക് നിര്‍ണായകമായ സാങ്കേതികവിദ്യ ലഭ്യമാക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ പാനടോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡാണ് തേജസിനെ ഓഹരികള്‍ സ്വന്തമാക്കുന്നത്. ഈ കമ്പനി ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ പ്രൊമോട്ടര്‍ കൂടിയാണ്. അതിവേഗ ബ്രോഡ്ബാന്‍ഡിന് നിര്‍ണായകമായ നെറ്റ്വര്‍ക്കിംഗിലും ഒപ്റ്റിക്കല്‍ ബാക്ക്‌ഹോളിലും തദ്ദേശീയമായ സാങ്കേതിക ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച ആദ്യകാല ടെലികോം ഉല്‍പ്പന്ന കമ്പനികളില്‍ ഒന്നാണ് തേജസ്.
ഇന്ത്യയിലും ആഗോള വിപണികളിലും ടെലികോം മേഖലയില്‍ 5 ജി, ഫൈബര്‍ അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് എന്നിവയില്‍ പുതിയ നിക്ഷേപം നടത്തുന്നതിലൂടെ തേജസ് നെറ്റ്വര്‍ക്കുകള്‍ വളരെ വലിയ അവസരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. നിലവിലെ തേജസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജയ് നായക് തല്‍സ്ഥാനത്ത് തന്നെ തുടര്‍ന്നേക്കും. ടാറ്റ സണ്‍സിന്റെ ഭാഗമാകുന്നതോടെ കമ്പനി വമ്പന്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് നോട്ടമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.