
ഹൈദ്രാബാദ്: കോച്ച് ഫാക്ടറി നല്‍കാമെന്ന കേന്ദ്രത്തിന്റെ പാലിക്കപ്പെടാത്ത വാക്ക് നിലനില്‍ക്കെ സ്വകാര്യ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറികളിലൊന്ന് രംഗറെഡ്ഡി ജില്ലയിലെ കൊണ്ടക്കലില്‍ നിര്‍മാണം പൂര്‍ത്തിയാക്കി തെലങ്കാന. മേധ സെര്‍വോ ഡ്രൈവ്‌സ് എന്ന കമ്പനി 1000 കോടി രൂപ ചെലവിട്ടാണ് 100 ഏക്കറില്‍ ഫാക്ടറി സ്ഥാപിച്ചത്. വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കാന്‍ കരാര്‍ നേടിയിട്ടുള്ള കമ്പനിയാണു മേധ.
പുതിയ ഫാക്ടറിയില്‍ ലോക്കോമോട്ടീവുകള്‍, മെട്രോ കോച്ചുകള്‍, ഇന്റര്‍സിറ്റി ട്രെയിന്‍ സെറ്റുകള്‍, മോണോറെയില്‍ കോച്ചുകള്‍ എന്നിവ നിര്‍മിക്കാനാകും. പ്രതിവര്‍ഷം 500 കോച്ചുകളും 50 ലോക്കോമോട്ടീവുകളും നിര്‍മിക്കാന്‍ ശേഷിയുണ്ട്. ഫാക്ടറി തുറക്കുമ്പോള്‍ 1000 പേര്‍ക്കു നേരിട്ടും 1200 പേര്‍ക്കു പരോക്ഷമായും ജോലി ലഭിക്കും. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് ഫാക്ടറി ഉദ്ഘാടനത്തിന് തയാറായെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
ബജറ്റില്‍ തെലങ്കാനയ്ക്കു കാര്യമായി ഒന്നും കിട്ടിയില്ലെന്ന പരാതിക്കിടയിലാണ് തെലങ്കാനയില്‍ നിന്നു റെയില്‍ കോച്ചുകള്‍ കയറ്റി അയക്കുമെന്ന മന്ത്രിയുടെ ട്വീറ്റ്. തെലങ്കാനയെ സംബന്ധിച്ചു കേന്ദ്രത്തോടുള്ള മധുര പ്രതികാരം കൂടിയാണു മേധയുടെ കോച്ച് ഫാക്ടറി. പാലക്കാട് കോച്ച് ഫാക്ടറി പോലെ തെലങ്കാനയിലെ കാസിപേട്ടില്‍ റെയില്‍വേ പ്രഖ്യാപിച്ച കോച്ച് ഫാക്ടറി ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. പദ്ധതിക്കായി 150 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു.
പാലക്കാട് പദ്ധതി പോലെ കാസിപേട്ട് കോച്ച് ഫാക്ടറിയുടെയും ആവശ്യമില്ലെന്നു കേന്ദ്രം 2016ല്‍ നിലപാട് എടുത്തു. പാലക്കാട് പദ്ധതിക്കായി 239 ഏക്കര്‍ ഭൂമിയാണു കേരളം കഞ്ചിക്കോട്ട് ഏറ്റെടുത്തിട്ടുള്ളത്. റെയില്‍വേ അവിടെ ചുറ്റുമതില്‍ കെട്ടിയതാണ് ആകെ ചെയ്തത്. 2012, 2013 ബജറ്റുകളില്‍ ഒന്നും രണ്ടും കോടി രൂപ നീക്കി വച്ചത് ഒഴിച്ചാല്‍ ബാക്കി ബജറ്റിലെല്ലാം നിരാശയായിരുന്നു ഫലം. പിന്നീടുള്ള ബജറ്റുകളിലെല്ലാം 1000 രൂപയാണു പദ്ധതിക്കു ലഭിച്ചത്.