5ജി ട്രയല്‍: ആറുമാസത്തേക്ക് കൂടി സമയം നീട്ടിനല്‍കണമെന്ന് ടെലികോം കമ്പനികള്‍

October 27, 2021 |
|
News

                  5ജി ട്രയല്‍:  ആറുമാസത്തേക്ക് കൂടി സമയം നീട്ടിനല്‍കണമെന്ന് ടെലികോം കമ്പനികള്‍

5ജി ട്രയലുകള്‍ക്കായി അനുവദിച്ച സമയം ആറുമാസത്തേക്ക് കൂടി നീട്ടിനല്‍കണമെന്ന് ടെലികോം കമ്പനികള്‍. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ തുടങ്ങിയവരാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഇവരെ കൂടാതെ എംടിഎന്‍എല്ലിനും 5ജി ട്രയല്‍ നടത്താനുള്ള അനുമതി ടെലികോം വകുപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസം ആണ് 5ജി ട്രയല്‍ പരീക്ഷണങ്ങള്‍ക്കായി 700 MHz, 3.33.6 GHz , 24.2528.5 GHz ബാന്‍ഡിലുള്ള സ്പെക്ട്രങ്ങള്‍ കേന്ദ്രം ആറുമാസത്തെ കാലവധിയില്‍ കമ്പനികള്‍ക്ക് നല്‍കിയത്. ചൈനീസ് കമ്പനികളില്‍ നിന്ന് ടെക്നോളജി സ്വീകരിക്കാതെ ട്രയല്‍ നടത്തണം എന്നതായിരുന്നു കേന്ദ്രത്തിന്റെ നിബന്ധന.

കേന്ദ്രം അനുവദിച്ച സമയം നവംബറില്‍ അവസാനിക്കും. ഈ സാഹചര്യത്തിലാണ് 5ജി ട്രയലിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. സമയം നീട്ടിക്കിട്ടിയാല്‍ 2022 മെയ് വരെ കമ്പനികള്‍ക്ക് 5ജി ട്രയലിനായി അനുവദിച്ച സ്പെക്ട്രം ഉപയോഗിക്കാനാവും. എറിക്സണ്‍, നോക്കിയ, സാംസങ്ങ്, സി-ഡോട്ട് എന്നീ കമ്പനികളുടെ സാങ്കേതികവിദ്യയാണ് രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. കൂടാതെ ജിയോ സ്വന്തമായി വികസിപ്പിച്ച സാങ്കേതിവിദ്യ ഉപയോഗിച്ചും 5ജി ട്രയല്‍ നടത്തുന്നുണ്ട്.

അതേ സമയം 5ജി സ്പെക്ട്രം ലേലത്തിനുള്ള നടപടികള്‍ ടെലികോം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ലേല നടപടികളും സ്പെക്ട്രം വിലയും സംബന്ധിച്ച് ട്രായിയോട് ടെലികോം വകുപ്പ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സ്പെക്ട്രം ലേലം എന്ന് നടക്കും എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും 2022 ഏപ്രില്‍- ജൂണ്‍ മസങ്ങളില്‍ ഉണ്ടാകുമെന്നാണ് വിവരം. 4ജി ടെക്നോളജിയെക്കാള്‍ 10 ഇരട്ടി വേഗത 5ജിക്ക് ഉണ്ടാകുമെന്നാണ് ടെലിക്കോം വകുപ്പിന്റെ നിഗമനം. ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൊമേഴ്സ്യല്‍ 4ജി വേഗത പരമാവധി സെക്കന്റില്‍ 23എംബിയാണ്. അതേ സമയം 5ജി ട്രയലില്‍ സെക്കന്റില്‍ 3.7 ജിബി വേഗത ലഭിച്ചെന്നാണ് വോഡാഫോണ്‍-ഐഡിയയുടെ അവകാശവാദം.

Read more topics: # telecom operators, # 5ജി, # 5g,

Related Articles

© 2025 Financial Views. All Rights Reserved