
ദില്ലി: എജിആര്‍ സംബന്ധിച്ച കോടതി ഉത്തരവിനെ തുടര്‍ന്ന് ടെലികോം കമ്പനികള്‍ സര്‍ക്കാരിന് പണം നല്‍കാത്തതിനെ വിമര്‍ശിച്ച് സുപ്രിംകോടതി. ടെലികോം കമ്പനികള്‍ക്ക് എതിരെ കോടതിയലക്ഷ്യ നോട്ടിസ് നല്‍കിയ കോടതി കമ്പനികളുടെ മേധാവിമാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ സ്റ്റാറ്റിയൂട്ടറി കുടിശികയായി വോഡഫോണ്‍-ഐഡിയ,ഭാരതി എയര്‍ടെല്‍,ടാറ്റാ ടെലിസര്‍വീസ് 1.47 കോടിരൂപയാണ് കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്. മാര്‍ച്ച് 17ന് മുമ്പ് മുഴുവന്‍ കുടിശികയും കമ്പനികള്‍ അടക്കാനും സുപ്രിംകോടതി ഉത്തരവിട്ടു. പണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനി മേധാവികള്‍ അടുത്ത തവണ വാദം നടക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. എജിആര്‍ കുടിശിക ഈടാക്കാനായി സുപ്രിംകോടതി നടത്തിയ ഉത്തരവിനെ മരവിപ്പിച്ച ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനും കോടതിയലക്ഷ്യ നോട്ടിസ് അയച്ചിട്ടുണ്ട്.
കോടതി ഉത്തരവ് മരവിപ്പിച്ച നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട് സുപ്രിംകോടതി. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. കമ്പനികളൊന്നും ഒരു നയാ പൈസ പോലും സര്‍ക്കാരിന് നല്‍കിയിട്ടില്ല. സുപ്രിംകോടതിക്ക് ഈ രാജ്യത്ത് ഒരു വിലയുമില്ലേ? പണശക്തിയുടെ ഫലമാണോ ഇതെന്നും ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചു.