
ന്യൂഡൽഹി: ചൈനയിൽ ഉടലെടുത്ത കൊറോണ വൈറസ് രോഗം ഇന്ന് ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിനെ പ്രതിരോധിക്കാൻ ചൈന തന്നെയാണ് രംഗത്തുള്ളതും. പിപിഇ കിറ്റുകൾ അടക്കം ലോകത്തിന്റെ വിവിധ ഇടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചൈന. ഇന്ത്യയും ചൈനയിൽ നിന്നും പിപിഇ കിറ്റുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
രാജ്യം കൊവിഡിനെ പ്രതിരോധിക്കുമ്പോൾ പിപിഇ കിറ്റുകളുടെ ക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് ഇന്ത്യ ഇറക്കുമതിയിലേക്ക് കടന്നത്. എന്നാൽ, രാജ്യത്ത് പിപിഇ കിറ്റുകളുടെ ഉത്പാദനം കൂട്ടുകയും ചൈനയിൽ നിന്ന് കിറ്റുകൾ ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ചൈന നൽകിയ പിപിഇ കിറ്റുകളിൽ പലതും ഉപയോഗിക്കാൻ സാധിക്കാത്തതാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലോകത്ത് പിപിഇ കിറ്റുകൾ ഏറ്റവും അധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. ഇന്ത്യക്ക് കൊവിഡിനെ നേരിടാൻ 170,000 പിപിഇ കിറ്റുകൾ ചൈന നൽകിയിരുന്നു. ഏപ്രിൽ അഞ്ചിനാണ് ഇത് ഇന്ത്യയിൽ എത്തിയത്. എന്നാൽ, അതിൽ 50,000 കിറ്റുകൾ ഉപയോഗശൂന്യമാണെന്നാണ് ഇക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
30,000, 10,000 പിപിഇ കിറ്റുകൾ ലഭിച്ച മറ്റൊരു ഇടപാടിലും ഉപയോഗശൂന്യമായ പിപിഇ കിറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഗ്വാളിയാറിലെ ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ലബോറട്ടറിയിലാണ് കിറ്റുകൾ സുരക്ഷാ പരിശോധന നടത്തിയത്. സിഇ/എഫ്ഡിഎ അംഗീകരിച്ച പിപിഇ കിറ്റുകൾ മാത്രമാണ് ഇന്ത്യയിൽ ഉപയോഗിക്കുക. എന്നാൽ, ചൈനയിൽ നിന്നെത്തിയ പിപിഇ കിറ്റുകളിൽ പലതും ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയതോടെ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ചില വലിയ സ്വകാര്യ കമ്പനികൾ സംഭാവനയായി നൽകിയ പിപിഇ കിറ്റുകളും സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടു.
ക്ഷാമം രൂക്ഷമായതോടെ ഒരു മില്യൺ പിപിഇ കിറ്റുകൾക്കുള്ള ഓർഡർ ഇന്ത്യ നൽകി കഴിഞ്ഞു. മെയ് ആദ്യ വാരത്തോടെ കൂടുതൽ പിപിഇ കിറ്റുകൾ ഇന്ത്യയിൽ എത്തും. രണ്ട് മില്യൺ പിപിഇ കിറ്റുകൾ ഉണ്ടെങ്കിൽ നിലവിലെ രാജ്യത്തെ അവസ്ഥയിൽ നിന്ന് മെച്ചപ്പെടാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ ചൈനയിൽ നിന്നും വാങ്ങിയ മാസ്‌കുകൾ അടക്കം നിലവാരം ഇല്ലെന്ന് കണ്ട് ലോകരാഷ്ട്രങ്ങൾ തിരികെ അയച്ചിരുന്നു. യൂറോപ്യൻ രാജ്യങ്ങളാണ് ചൈനയെ തള്ളിപ്പറഞ്ഞ് രംഗത്തെത്തിയത്. ആവശ്യകകൾ നിറവേറ്റാത്ത മാസ്‌കുകളാണ് ചൈന വിൽക്കുന്നതെന്നാണ് ഫിൻലന്റ് വ്യക്തമാക്കിയത്. നേരത്തെ ചൈനയിൽ നിന്ന് മാസ്‌കുകൾ വാങ്ങിയ സ്‌പെയിൻ, നെതർലന്റ്, തുർക്കി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ തിരിച്ചയച്ചിരുന്നു. ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുമ്പ് നന്നായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന നിർദേശമാണ് ഈ രാജ്യങ്ങൾ ഇതോട മുന്നോട്ടുവെച്ചത്.
ചൈന ആദ്യം അയച്ച രണ്ട് മില്യൺ സർജിക്കൽ മാസ്‌കുകളും 23000 റെസ്പിറേറ്റർ മാസ്‌കുകളും കൊറോണ വൈറസിനെതിരായ പ്രതിരോധം തീർക്കുന്നതിനോ ആശുപത്രികളിൽ ഉപയോഗിക്കുന്നതിനോ പര്യാപ്തമല്ലെന്ന് ഫിൻലൻഡ് കണ്ടെത്തിയത്. നിലവിൽ ഫിൻലൻഡിന് പ്രതിദിനം അഞ്ച് ലക്ഷം സർജിക്കൽ മാസ്‌കുകളും 50,000 റെസ്പിറേറ്റർ മാസ്‌കുകളുമാണ് ആവശ്യം. ഇതോടെ രാജ്യത്തെ മൂന്ന് കമ്പനികളോട് പ്രതിദിനം രണ്ട് ലക്ഷം മാസ്‌കുകൾ വീതം നിർമ്മിക്കാൻ നിർദ്ദേശം നൽകുയയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാണ് മാസ്‌കുകളുടെ ഉൽപ്പാദനം ആരംഭിക്കുക.
നേരത്ത ടൊറന്റോയും 62,000 സർജിക്കൽ മാസ്‌കുകൾ ചൈനയിലേക്ക് തിരിച്ചയച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടെ നഗരത്തിന്റെ നിലവാരവുമായി പൊരുത്തപ്പെടാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചൈനീസ് നിർമ്മിത സർജിക്കൽ മാസ്‌കുകൾ തിരിച്ചയച്ചത്. 20000 ഡോളറിന്റെ ഓർഡറാണ് ചൈനയ്ക്ക് നൽകിയിരുന്നതെന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. മാർച്ച് 28ന് ലഭിച്ച മാസ്‌കുകളിൽ പലതും കീറിപ്പറിഞ്ഞതും ദ്രവിച്ചതുമായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. അതുകൊണ്ട് ടൊറന്റോ ഭരണകൂടം ഇവ തിരിച്ചയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. മുഴുവൻ തുകയും തിരിച്ചുനൽകാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. അതേ സമയം സ്‌പെയിൻ 3,40000 കൊറോണ പരിശോധനാ കിറ്റുകളാണ് ചൈനീസ് നിർമ്മാതാവിൽ നിന്ന് വാങ്ങിയത്. ഇതിൽ 60,000 ഓളം കിറ്റുകളുടെ പ്രവർത്തനത്തിലും കൃത്യതയില്ലെന്നാണ് സ്‌പെയിൻ സർക്കാർ ചൂണ്ടിക്കാണിക്കുന്നത്.
ചൈനയിൽ നിന്നുള്ള ആറ് ലക്ഷത്തോളം മാസ്‌കുകൾ തിരിച്ചയയ്ക്കുകയാണെന്ന് ഡച്ച് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. മാസ്‌കുകൾ തീരെ അനുയോജ്യമല്ലെന്നും ഫിൽട്ടറുകൾ വേണ്ട രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ആരോഗ്യമന്ത്രാലയം അവകാശപ്പെടുന്നു. ഈ മാസ്‌കുകൾക്ക് ഗുണമേന്മാ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ തുർക്കി തിരിച്ചയച്ചത് പരിശോധനാ കിറ്റുകളാണ്. കിറ്റുകൾക്ക് കൃത്യതയില്ലെന്നും തുർക്കി പറയുന്നു. ഏതാണ്ട് 35000 കിറ്റുകൾ മാത്രമാണ് ശരിയായ രീതിയിൽ ഫലം കാണിച്ചതെന്നും തുർക്കി കൂട്ടിച്ചേർത്തു.
ചൈന ആഗോള പ്രതിസന്ധിയെ ശരിക്കും മുതലെടുക്കാനുള്ള ഓട്ടത്തിലാണ്. എന്നാൽ ചൈന ഇറ്റലിയെ മാത്രമല്ല പല രാജ്യങ്ങളെയും മെഡിക്കൽ ഉപകരണങ്ങളുടെ പേരിൽ വഞ്ചിച്ചിട്ടുണ്ട്. എല്ലാം നിലവാരം കുറഞ്ഞവയാണ്. കൊറോണ അതിവേഗം തിരിച്ചറിയാൻ സാധിക്കുന്ന ടെസ്റ്റിങ് കിറ്റുകൾ 50000 എണ്ണമാണ് സ്പെയിൻ തിരിച്ചയച്ചത്. നെതർലൻഡും നേരത്തെ കിറ്റുകളും സുരക്ഷാ കവചങ്ങളും തിരിച്ചയച്ചിരുന്നു. തുർക്കി, ജോർജിയ, ചെക്ക് റിപബ്ലിക്ക് എന്നിവർ രോഗത്തിന്റെ വ്യാപ്തി ഈ ഉപകരണങ്ങളിൽ കൃത്യമായി അറിയുന്നില്ലെന്നും ഉന്നയിച്ചിരുന്നു.