ടെസ്ലയുടെ മൂന്ന് മോഡലുകള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു

December 13, 2021 |
|
News

                  ടെസ്ലയുടെ മൂന്ന് മോഡലുകള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെ മൂന്ന് മോഡലുകള്‍ക്ക് കൂടി ഇന്ത്യയുടെ അനുമതി. കേന്ദ്രത്തിന്റെ വാഹന്‍ സേവ പോര്‍ട്ടലില്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്ള വാഹനമാണോ എന്ന് പരിശോധിക്കുന്ന ഹോമോലഗേഷന്‍ സര്‍ട്ടിഫിക്കറ്റാണ് ടെസ്ലയുടെ മൂന്ന് മോഡലുകള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇവ ഏതൊക്കെയാണെന്ന് വ്യക്തമല്ല.

നേരത്തെ കമ്പനിയുടെ നാല് മോഡലുകള്‍ക്കും ഹോമോലഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. അംഗീകാരം ലഭിച്ച ഈ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചോ അല്ലെങ്കില്‍ ഇറക്കുമതി ചെയ്തോ വില്‍പ്പന നടത്താം. ടെസ്ലയുടെ മോഡല്‍ 3, മോഡല്‍ വൈ തുടങ്ങിയവ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതായി പല മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോഡല്‍ എസ്, മോഡല്‍ 3 , മോഡല്‍ എക്സ്, മോഡല്‍ വൈ എന്നിവയാണ് ടെസ്ലയുടെ കാറുകള്‍. ഓരോ മോഡലുകള്‍ക്കും ഓള്‍- വീല്‍ ഡ്രൈവ്, ഹൈ-പെര്‍ഫോമന്‍സ് തുടങ്ങിയവയെ അടിസ്ഥാനമാക്കി നിരവധി വേരിയന്റുകളും ഉണ്ട്. ഇതില്‍ ഏതൊക്കെ മോഡലുകളും വേരിയന്റുകളുമാണ് ഇന്ത്യയില്‍ എത്തുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നതിന്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി എന്ന പേരില്‍ ഒരു ഉപ-സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നികുതി ഇളവ് തേടിയിരുന്നു. എന്നാല്‍ രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്ബാക്കിമാറ്റാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഇതുവരെ അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. ലോകത്തെ 70 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഇപ്പോള്‍ ചൈനയിലാണ് നിര്‍മിക്കുന്നത്. നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിന് മുകളില്‍ വിലയുള്ള ഇ-വാഹനങ്ങള്‍ക്ക് 100 ശതമാനവും അതിന് താഴെ വിലയുള്ളവയ്ക്ക് 60 ശതമാനവും ആണ് ഇറക്കുമതി നികുതി. ടെസ്ലയുടെ മോഡല്‍ വൈ,3 എന്നിവയ്ക്ക് 38700- 41200 ഡോളറാണ് വില. പ്രീമിയം വാഹനങ്ങളായ മോഡല്‍ എസ്, എക്സ് എന്നിവയ്ക്ക് 81200-91200 ഡോളറും വിലവരും.

Read more topics: # tesla, # ടെസ്‌ല,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved