ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച് ടെസ്‌ല; കൊറോണ ആഘാതത്തെത്തുടർന്നാണ് തീരുമാനം

April 08, 2020 |
|
News

                  ജീവനക്കാരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച് ടെസ്‌ല; കൊറോണ ആഘാതത്തെത്തുടർന്നാണ് തീരുമാനം

കൊവിഡ് 19 മഹാമാരി മൂലം പല പ്രവര്‍ത്തനങ്ങളും നിലച്ചതിനാല്‍, ചെലവ് ലാഭിക്കുന്നതിനായി ടെസ്‌ല ഇന്‍കോര്‍പ്പറേറ്റഡ് ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ കുറയ്ക്കുന്നു. വരുന്ന തിങ്കളാഴ്ച തൊട്ടാവും പുതിയ തീരുമാനം പ്രാബല്യത്തില്‍ വരിക. അതേസമയം അമേരിക്കയില്‍, കമ്പനി വൈസ് പ്രസിഡന്റോ അതിന് മുകളിലോ ഉള്ളവരുടെ ശമ്പളം കുത്തനെ വെട്ടിക്കുറയ്ക്കും. തുടര്‍ന്ന് ഡയറക്ടര്‍മാരുടെ ശമ്പളത്തില്‍ നിന്ന് 20 ശതമാനവും മറ്റെല്ലാവര്‍ക്കും 10 ശതമാനവും വെട്ടിക്കുറയ്ക്കും.

അമേരിക്കയ്ക്ക് പുറത്തുള്ള കമ്പനി ജീവനക്കാരും സമാനമായ സാഹചര്യത്തിലൂടെയാവും കടന്നുപോവുക. നിര്‍ണായക ജോലികളിലേക്ക് നിയോഗിക്കപ്പെട്ടവരെ ഒഴികെ, വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയാത്ത ജീവനക്കാരെ താല്‍ക്കാലിക അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടും. ഇവര്‍ക്ക് ശമ്പളമുണ്ടാകില്ലെങ്കിലും ഇവരുടെ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ഉണ്ടാകും. മഹാമാരി കാരണമുണ്ടായ പ്രതിസന്ധി നേരിടാന്‍ തൊഴില്‍ ചെലവ് കുറയ്ക്കുന്ന കമ്പനികളുടെ എണ്ണത്തിലേക്കാണ് ഈ നീക്കം എത്തുന്നത്.

മോഡല്‍ വൈ ക്രോസ് ഓവറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും പുതിയ ഷാങ്ഹായ് പ്ലാന്റില്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തുകയും ബെര്‍ലിനടുത്ത് പുതിയവ നിര്‍മ്മിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും ടെസ്‌ല മുന്നോട്ടു കൊണ്ടുപോവുന്നതിനിടയിലാണ് കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായത്. അധികാരികളുടെ നിര്‍ദേശങ്ങള്‍ക്കിടയിലാണ് കഴിഞ്ഞ മാസം യുഎസിലെ ഉത്പാദനം നിഷ്‌ക്രിയമാക്കാന്‍ ടെസ്‌ല സമ്മതിച്ചത്. മെമ്മോ പ്രകാരം, അമേരിക്കയിലെ നിര്‍മ്മാണശാലകളില്‍ മെയ് 4 മുതല്‍ ഉത്പാദനം പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ല പ്രതീക്ഷിക്കുന്നത്.

നിര്‍മ്മാണശാലകള്‍ തുറന്നതിനു ശേഷം ഉത്പാദനം വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ രണ്ടാഴ്ചയോളം വേണ്ടി വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ആദ്യ പാദത്തിന്റെ അവസാനത്തില്‍ കമ്പനിക്ക് 30,000 കാര്‍ ഇന്‍വെന്ററികള്‍ ഉണ്ടായിരുന്നു. ഇത് ദുര്‍ബലമായ ഡിമാന്‍ഡ് നിറവേറ്റാന്‍ പര്യാപ്തമാണെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. ഏകദേശം 56,000 ജീവനക്കാരുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. കാലിഫോര്‍ണിയയിലെ ഫ്രെമോണ്ടിലാണ് അമേരിക്കയിലെ കമ്പനിയുടെ പ്രധാന ഉത്പാദന കേന്ദ്രം. നിലവിലെ സ്റ്റേ-അറ്റ്-ഹോം ഓര്‍ഡറുകള്‍ മെയ് 3 വരെ നീളുന്നുണ്ട്.

മെമ്മോ പ്രകാരം വേതന ക്രമീകരണവും ഇക്വിറ്റി ഗ്രാന്റുകളും കമ്പനി നിര്‍ത്തിവെക്കും. ശമ്പളം വെട്ടിക്കുറക്കുന്നത് രണ്ടാം പാദം അവസാനിക്കുന്നതുവരെ നീളുമെന്നും അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞവരോട് മെയ് 4 -ന് മടങ്ങാന്‍ ആവശ്യപ്പെടുമെന്നും ടെസ്‌ല വ്യക്തമാക്കി. നെവാദ ഗിഗാഫാക്ടറിയിലെ ഓണ്‍-സൈറ്റ് ജീവനക്കാരില്‍ 75 ശതമാനം കുറവ് വരുത്താന്‍ കമ്പനി ആഗ്രഹിക്കുന്നു. പാനസോണിക്കുമായി ചേര്‍ന്ന് ഈ നിര്‍മ്മാണശാലയിലാണ് ബാറ്ററി പാക്കുകളും വൈദ്യുത മോട്ടറുകളും ടെസ്‌ല നിര്‍മ്മിക്കുന്നത്.

അതേസമയം, പ്രദേശിക അധികാരികളുടെ സഹായത്തോടെ വൈറസുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലില്‍ നിന്ന് ഷാങ്ഹായ് നിര്‍മ്മാണശാല അതിവേഗം തിരിച്ചുവരവ് നടത്തി. ഫെബ്രുവരിയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം, അമേരിക്കയ്ക്ക് പുറത്തുള്ള എക ടെസ്‌ല നിര്‍മ്മാണശാല, അടച്ചുപൂട്ടലിന് മുമ്പുള്ള അതിന്റെ ശേഷിയെ മറികടന്ന് പ്രതിവാരം 3,000 കാറുകളുടെ ഉത്പാദനത്തിലേക്ക് എത്തിയെന്ന് കമ്പനി കഴിഞ്ഞ മാസം അറിയിച്ചു.

Related Articles

© 2025 Financial Views. All Rights Reserved