സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം

July 08, 2021 |
|
News

                  സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യം

കൊച്ചി: ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് എത്രയും വേഗം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ 90 ശതമാനം സ്ഥാപനങ്ങളും സാമ്പത്തിക അരക്ഷിതാവസ്ഥയിലാണ്. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ഓണ്‍ലൈന്‍ കുത്തകകള്‍ക്ക് മാത്രമാണ് നേട്ടമെന്നും 80 ശതമാനത്തോളം വനിതകള്‍ ജോലി ചെയ്യുന്ന ടെക്‌സ്‌റ്റൈല്‍ മേഖലയിലെ നെയ്ത്തുകാരുടേയും തയ്യല്‍ക്കാരുടേയും ജീവിതം സ്തംഭനാവസ്ഥയിലാണെന്നും അസോസിയേഷന്‍ പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.

നോട്ടുനിരോധനം, ജിഎസ്ടി, രണ്ടു പ്രളയം എന്നിവ കാരണം പ്രതിസന്ധിയിലായ നെയ്ത്ത് തയ്യല്‍ മേഖലകള്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു വര്‍ഷമായി പൂര്‍ണമായും സ്തംഭനാവസ്ഥയിലാണ്. വസ്ത്ര നിര്‍മാണ, വ്യാപാര മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ കടക്കെണിയിലാണ്. മറ്റു സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമ്പോഴും അത്രത്തോളം ജനത്തിരക്ക് ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ടെക്‌സ്‌റ്റൈല്‍ മേഖല അടച്ചിടണമെന്നു പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല.

കടകളുടെ വലിപ്പം അനുസരിച്ച് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഉപഭോക്താക്കളുടെ എണ്ണം തീരുമാനിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ ദിവസവും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പട്ടാഭിരാമന്‍ ആവശ്യപ്പെട്ടു. ഉപജീവനം ഉറപ്പാക്കിക്കൊണ്ടുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ആണ് ഇനി മൂന്നാം തരംഗത്തിനെയും തോല്‍പ്പിക്കാനുള്ള വിജയത്തിന്റെ വഴിയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളെയും ജീവനക്കാരെയും വാക്‌സീന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണം.  പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നതുകൊണ്ട് തിരക്ക് കുറയ്ക്കാന്‍ കഴിയും. ഈ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കാത്തത് ഖേദകരമാണെന്നും അസോസിയേഷന്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved