ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി ഈ കമ്പനി

May 31, 2022 |
|
News

                  ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി ഈ കമ്പനി

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പുതുനീക്കങ്ങളുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. ഇലക്ട്രിക് വെഹിക്കിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ 15,300 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. ഓട്ടോ, ഇവി രംഗത്ത് 11,900 കോടി രൂപയാണ് നിക്ഷേപിക്കുക. കൂടാതെ, തങ്ങളുടെ ജനപ്രിയ മോഡലായ എക്സ്യുവി 300 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പും അടുത്തവര്‍ഷത്തോടെ പുറത്തിറക്കും. ഇതിലൂടെ ടാറ്റ മോട്ടോഴ്സിന് ആധിപത്യമുള്ള ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.

പുതുതായുള്ള നിക്ഷേപത്തില്‍ 3,200 കോടി രൂപ 2022 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള 12,100 കോടി 2023, 2024 സാമ്പത്തിക വര്‍ഷങ്ങളിലായി വിനിയോഗിക്കും. എസ്യുവി, ട്രാക്ടര്‍ സെഗ്മെന്റുകളില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയും 2025 ഓടെ 'ബോണ്‍ ഇവി' പ്ലാറ്റ്‌ഫോമിലൂടെ ഇലക്ട്രിക് പാസഞ്ചര്‍ വാഹന ബിസിനസിലേക്ക് പ്രവേശിക്കുകയുമാണ് മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ലക്ഷ്യമെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ തന്നെ എക്സ്യുവി 300 എസ്യുവിയുടെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കും. നേരത്തെ, ഇലക്ട്രിക് കാറുകളില്‍ ഉപയോഗിക്കാവുന്ന മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് ഘടകങ്ങളുടെ ഉപയോഗം പര്യവേക്ഷണം ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായുള്ള കമ്പനി ഫോക്‌സ്വാഗനുമായി കൈകോര്‍ത്തിരുന്നു. ഇത് മഹീന്ദ്രയുടെ ഇവിയിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തിടെ പുറത്തിറക്കിയ എക്സ്യുവി 700ന് മികച്ച പ്രതികരണമാണ് മഹീന്ദ്രയ്ക്ക് ലഭിച്ചത്. 18-24 മാസം കാത്തിരിപ്പുണ്ടായിട്ടും പ്രതിമാസം 9,000-10,000 യൂണിറ്റുകളുടെ ബുക്കിംഗാണ് കമ്പനി നേടിയത്. അതിനാല്‍ തങ്ങളുടെ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനും മഹീന്ദ്ര നീക്കം നടത്തുന്നുണ്ട്. ജൂണ്‍ 27 ന് പുതിയ സ്‌കോര്‍പിയോ അവതരിപ്പിക്കാനും മഹീന്ദ്ര ആന്റ് മഹീന്ദ്ര പദ്ധതിയിടുന്നു.

Related Articles

© 2025 Financial Views. All Rights Reserved