
കൊച്ചി: മരടില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ കട്ടകളാക്കാന്‍ തുടങ്ങി. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ വാങ്ങിയ പ്രോപ്റ്റ് എന്റര്‍പ്രൈസസാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതില്‍ നിന്ന് കട്ടകള്‍ നിര്‍മിച്ചത്. ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് ആദ്യപടി. ഏതാനും ലോഡ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ക്രഷറിലെത്തിച്ച് പൊടിച്ചാണ് മുക്കാല്‍ ഇഞ്ച് കനമുള്ള മെറ്റള്‍,കാല്‍ ഇഞ്ച് കനമുള്ള മെറ്റല്‍,എം സാന്റ് എന്നി ഉല്‍പ്പന്നങ്ങള്‍ ഒരുക്കിയത്. കാല്‍ ഇഞ്ച് കനമുള്ള മെറ്റല്‍ ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണത്തിനുള്ള കട്ടകള്‍ ഉണ്ടാക്കുന്നതെന്ന് പ്രോംപ്റ്റ് എന്റര്‍പ്രൈസസ് പ്രൊപ്പറൈറ്റര്‍ വിഎ അന്‍സാര്‍ പറഞ്ഞു.
ഒരു ലോഡ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ നിന്ന് 450 അടി മെറ്റല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. റബിള്‍ മാസ്റ്റര്‍ മൊബൈല്‍ ക്രഷര്‍ ഉപയോഗിച്ച് കോണ്‍ക്രീറ്റ് പൊടിക്കാനുള്ള പണികള്‍ ആരംഭിക്കും. ഈ അവശിഷ്ടങ്ങളില്‍ നിന്ന് ഇരുമ്പ് വേര്‍തിരിക്കാന്‍ നാല്‍പത്തിയഞ്ച് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷമാണ് അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുക. ഈ കട്ടകളുടെ നിര്‍മാണം പൂര്‍ണമായും വിജയകരമായാല്‍ മറ്റൊരു ബിസിനസിലേക്കുള്ള ചുവടുവെപ്പായി മരട് ഫ്‌ളാറ്റ് പൊളിക്കല്‍ മാറും.