
ജിയോ പ്ലാറ്റ്ഫോംസില്‍ ഫേസ്ബുക്ക് നിക്ഷപേം നടത്തുമ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരിക്കലും വചാരിച്ചിട്ടുണ്ടാവില്ല ലോക കോടീശ്വരന്മാരില്‍ മുകേഷ് അംബാനി ഒരു ഭീഷണിയാകുമെന്ന്. സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ചതിനുപിന്നാലെയാണ് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ജിയോ പ്ലാറ്റ് ഫോമിലെത്തിയത്.
വിദേശ നിക്ഷേപത്തിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചതോടെയാണ് പ്രധാന പ്രൊമോട്ടറായ മുകേഷ് അംബാനി ലോക കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം സ്വന്തമാക്കിയത്. സക്കര്‍ബര്‍ഗിന്റെ തൊട്ടുപിന്നില്‍. വെള്ളിയാഴ്ചയിലെ കണക്കുപ്രകാരം അംബാനിയുടെ ആസ്തി 88.22 ബില്യണ്‍ ഡോളറാണ്. ഈവര്‍ഷംമാത്രം 22 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്തില്‍ വര്‍ധനവുണ്ടായത്.
സക്കര്‍ബര്‍ഗിന്റെ ആസ്തിയാകട്ടെ 102 ബില്യണ്‍ ഡോളറാണ്. ഈവര്‍ഷംമാത്രം സക്കര്‍ബര്‍ഗിന്റെ ആസ്തിയിലുണ്ടായ വര്‍ധന 23.2 ബില്യണ്‍ ഡോളറാണ്. ജിയോ പ്ലാറ്റ്ഫോമില്‍ 33,737 കോടി രൂപ നിക്ഷേപിച്ച ആല്‍ഫബറ്റി(ഗൂഗിള്‍)ന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും ലോക കോടീശ്വരന്മാരില്‍ എട്ടും ഒമ്പതും സ്ഥാനത്താണുള്ളത്. മാര്‍ച്ചിലെ താഴ്ന്ന നിലവാരമായ 867 രൂപയില്‍നിന്ന് റിലയന്‍സിന്റെ ഒഹരിവില കുതിച്ചത് 147ശതമാനമാണ്. റിലയന്‍സിന്റെ ഓഹരി വിലയില്‍ ഒരുശതമാനം വര്‍ധനവുണ്ടായാല്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ അധികമായുണ്ടാകുക 9,600 കോടി രൂപയാണ്.