
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ അടിമുടി പരിഷ്‌കരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയെ വ്യാഴാഴ്ച ഔദ്യോഗികമായി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിന് മുമ്പാണ് എയര്‍ ഇന്ത്യയില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ച് ടാറ്റ ഗ്രൂപ്പ് സൂചനകള്‍ നല്‍കുന്നത്.
ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്താല്‍ സമയക്രമത്തിലെ കണിശതയായിരിക്കും ആദ്യം കൊണ്ടു വരിക. നിലവില്‍ എയര്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പഴികേള്‍ക്കുന്നത് സമയക്രമത്തിലെ കണിശതയില്ലായ്മക്കാണ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാന്‍എത്തുന്നവര്‍ക്ക് രത്തന്‍ ടാറ്റയുടെ പ്രത്യേക സന്ദേശവുമുണ്ടാകും. വ്യാഴാഴ്ച മുതല്‍ തന്നെ പല സര്‍വീസുകളില്‍ ഭക്ഷണത്തിന്റെ മെനു മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫ്രണ്ട്‌ലൈന്‍ സ്റ്റാഫിനുള്ള നിര്‍ദേശങ്ങള്‍ എന്ന പേരിലാവും മാറ്റങ്ങള്‍ക്ക് തുടക്കമിടുക. ഇതുമായി ബന്ധപ്പെട്ട് കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ടാറ്റ മെയില്‍ അയച്ചിരുന്നു. ഇന്ന് രാത്രി മുതല്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേക്ക് എയര്‍ ഇന്ത്യ മാറുകയാണ്. അടുത്ത ഏഴ് ദിവസം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വലിയ മാറ്റങ്ങള്‍ നമ്മുടെ സമീപനത്തില്‍ ഉണ്ടാവണമെന്നാണ് മെയിലിലെ ഉള്ളടക്കം.
ആദ്യഘട്ടത്തില്‍ ഡല്‍ഹി-മുംബൈ റൂട്ടിലും പിന്നീട് ഗള്‍ഫ് സെക്ടറിലുമാവും മാറ്റങ്ങള്‍ക്ക് തുടക്കമിടുക. പിന്നീട് യു.എസ്, യു.കെ വിമാനങ്ങളിലും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കും. അതേസമയം, വിമാനങ്ങളുടെ അപ്ഗ്രഡേഷന്‍ ഉള്‍പ്പടെയുള്ളവ അടിയന്തരമായി ടാറ്റ ഗ്രൂപ്പ് നടപ്പിലാക്കില്ലെന്നാണ് സൂചന.
എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനികള്‍ക്ക് പകരം ടാറ്റ ഗ്രൂപ്പ് നിര്‍ദേശിക്കുന്ന ആളുകള്‍ വരുമെന്നാണ് വാര്‍ത്തകള്‍.
നേരത്തെ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കമ്പനിയുടെ മുഴുവന്‍ ഓഹരികളും ടാറ്റ ഗ്രൂപ്പിന് വില്‍ക്കുകയായിരുന്നു. 18,000 കോടിയുടെ ഇടപാടാണ് കേന്ദ്രസര്‍ക്കാറും ടാറ്റയും തമ്മില്‍ നടത്തിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓഹരികളും എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാന്‍ഡലിങ് കമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സിലെ 50 ശതമാനം ഓഹരിയും ടാറ്റ ഗ്രൂപ്പിന് നല്‍കിയിരുന്നു.