
ടെക്‌സസ്: എണ്ണ-വാതക മേഖലകളില്‍ മാര്‍ച്ചില്‍ വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായതായി സര്‍വേ റിപ്പോര്‍ട്ട്. ഡ്രില്ലിംഗ്, റിഫൈനിംഗ് വിഭാഗങ്ങളിലായി 51000 പേര്‍ക്ക് തൊഴില്‍ നഷ്ടമായതായാണ് കണക്കുകള്‍. ഈ മേഖലയില്‍ നിരക്ക് ഗണ്യമായി കുറയുന്നതിനാല്‍ സ്ഥിതി ഇതിലും രൂക്ഷമാകുമെന്നും സൂചനയുണ്ട്.
എണ്ണ, വാതക മേഖലയുടെ അനുബന്ധ തൊഴില്‍ വിഭാഗങ്ങളായ കണ്‍സ്ട്രക്ഷന്‍, ഡ്രില്ലിംഗ് ഉപകരണങ്ങളുടെ നിര്‍മാണം, ഷിപ്പിംഗ് എന്നിവയില്‍ 15,000 പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായതായി ഗവേഷക കണ്‍സള്‍ട്ടന്‍സിയായ ബിഡബ്ല്യൂ റിസര്‍ച്ച് പാര്‍ട്ണര്‍ഷിപ്പ് ചൂണ്ടിക്കാട്ടി. 30,000 ഊര്‍ജ്ജ കമ്പനികളില്‍ നടത്തിയ സര്‍വേ ഫലവും തൊഴില്‍ വകുപ്പില്‍ നിന്നുള്ള ഡാറ്റയും വിശകലനം ചെയ്താണ് ബിഡബ്ല്യൂ റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അഞ്ച് മുതല്‍ ഏഴു വര്‍ഷം വരെയുള്ള തൊഴില്‍ വളര്‍ച്ചയാണ് ഒരൊറ്റ മാസത്തിനുള്ളില്‍ ഇല്ലാതായിരിക്കുന്നതെന്ന് കമ്പനി വെസ്ഡന്റ് വ്യക്തമാക്കി. മേഖലയിലെ മാര്‍ച്ചിലെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് തുടക്കം മാത്രമാണെന്നും ഏപ്രില്‍ എണ്ണ, വാതക മേഖലകള്‍ക്ക് ഒട്ടും ഗുണകരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ടെക്‌സസ് ക്രൂഡ് നിരക്ക് ബാരലിന് 37.63 ഡോളറായി കഴിഞ്ഞ ദിവസം താഴുകയുണ്ടായി. കോവിഡ് 19 വ്യാപനം കാരണം അമേരിക്കന്‍ ഊര്‍ജ്ജ കമ്പനികളുടെ ശേഷി കുറഞ്ഞതും മേഖലയില്‍ തിരിച്ചടിയുണ്ടാക്കി. ബിഡബ്ല്യൂ റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷം ആദ്യ പാദത്തില്‍ തൊഴില്‍ മേഖലയില്‍ 30 ശതമാനത്തോളം നഷ്ടമുണ്ടാകുമെന്നാണ്. മേഖലയിലുണ്ടായ ഇരട്ടപ്രഹരമാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കൊവിഡ് 19 വ്യാപനം കാരണം അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കേണ്ടി വന്നതിനാല്‍ ഡിമാന്‍ഡ് കുറഞ്ഞതും റഷ്യയും സൗദി അറേബ്യയും തമ്മില്‍ എണ്ണ വിലയിലുണ്ടായ ശീതയുദ്ധവും പ്രതിസന്ധിക്ക് ആക്കെ കൂട്ടിയതായി വിലയിരുത്തപ്പെടുന്നു.
മേഖലയിലെ വന്‍കിട കമ്പനികളായ ഹാലിബര്‍ട്ടണ്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഹൂസ്റ്റണിലെ ആസ്ഥാന ഓഫീസില്‍ 3500 തൊഴിലാളികളെ വളര്‍ത്തിയെടുത്ത ഹാലിബര്‍ട്ടണ്‍ അമ്പതോളം ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. എണ്ണപ്പാടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പ്രഹരമുണ്ടായത്. സോളാര്‍ പാനല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍, ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംശുദ്ധ ഊര്‍ജ്ജ തൊഴിലാളികളില്‍ 1,06,000 പേര്‍ക്ക് കഴിഞ്ഞ മാസം തൊഴില്‍ നഷ്ടമായി. ഊര്‍ജ്ജവുമായി ബന്ധപ്പെട്ട മേഖലയില്‍ മൊത്തം 3,03,000 പേര്‍ക്കാണ് തൊഴില്‍ ഇല്ലാതായതെന്നും ബിഡബ്ല്യൂ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.