
ഫെയ്സ്ബുക്കിന്റെ 18 വര്‍ഷ ചരിത്രത്തില്‍ ഇതാദ്യമായി ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവ്. ഇതോടെ സോഷ്യല്‍ മീഡിയ വമ്പന്റെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വില കുത്തനെ കുറഞ്ഞു. മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ ഓഹരി വിലയില്‍ 20 ശതമാനം ഇടിവാണ് സംഭവിച്ചത്. ഇത് കമ്പനിയുടെ മൂല്യത്തില്‍ 200 ബില്യണ്‍ ഡോളറിന്റെ കുറവുണ്ടാക്കി. ഫെയ്സ്ബുക്കിന്റെ നായകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് കോടീശ്വരപ്പട്ടികയിലെ മുന്‍നിര സ്ഥാനമാണ്. തന്റെ ആസ്തിയില്‍ നിന്നും 29 ബില്യണ്‍ ഡോളര്‍ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായി. തൊട്ടുമുന്‍പത്തെ ത്രൈമാസത്തിനേക്കാള്‍ ഫേസ്ബുക്കിന്റെ പ്രതിദിന ആക്ടിവ് ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതാണ് ഓഹരി വിലയെ സ്വാധീനിച്ചത്. തൊട്ടുമുന്‍പത്തെ ത്രൈമാസത്തില്‍ ഫേസ്ബുക്കിന്റെ ആഗോള പ്രതിദിന ആക്ടീവ് ഉപയോക്താക്കള്‍ 1.930 ബില്യണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ഇത് 1.929 ബില്യണ്‍ ആണ്.
2021ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ദിവസേനയുള്ള ലോഗിനുകളില്‍ ഏകദേശം 500,000 കുറവുണ്ടായതായി ഫേസ്ബുക്ക് റിപ്പോര്‍ട്ട് ചെയ്തു. ഈ ഇടിവിന്റെ കാരണമായി മാര്‍ക് സുക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത് ടിക്ടോകുമായിയുള്ള മത്സരമാണ്. ആപ്പിള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ വരുത്തിയ പ്രൈവസി മാറ്റങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചടിയായെന്നും മെറ്റ പറയുന്നു. 18 വയസ്സുള്ള ടെക് ഭീമന്‍ ഇപ്പോള്‍ ടിക് ടോക്, ഗൂഗിളിന്റെ യുട്യൂബ് എന്നിവരില്‍ നിന്ന് കനത്ത വെല്ലുവിളിയും നേരിടുകയാണ്. ഇത്തരം സോഷ്യല്‍ മീഡിയകളിലേക്ക് ഉപയോക്താക്കളുടെ സമയവും ശ്രദ്ധയുമെല്ലാം വീതിക്കപ്പെട്ടത് വരും ത്രൈമാസങ്ങളില്‍ മെറ്റാ പ്ലാറ്റ്‌ഫോംസിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുടെ മാതൃകമ്പനിയായ മെറ്റ ടിക്ടോക്കുമായി മത്സരിക്കുന്നതിനായി ഹ്രസ്വ വീഡിയോ റീലുകള്‍ വികസിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ടെന്ന് സുക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചു.
ഉപയോക്തൃ വളര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ നിക്ഷേപകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടിക്ടോക്കിന്റെ വളര്‍ച്ചയെത്തുടര്‍ന്ന് കമ്പനിക്ക് നഷ്ടപ്പെട്ട പരസ്യ വരുമാനം അമ്പരപ്പിക്കുന്നതാണെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. മെറ്റാ ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം റീല്‍സ് ഉല്‍പ്പന്നം വാഗ്ദാനം ചെയ്തിട്ടും, ഹ്രസ്വ-രൂപത്തിലുള്ള ഉപയോക്തൃ-നിര്‍മ്മിത വീഡിയോ വിപണിയില്‍ ടിക് ടോക്ക് ആധിപത്യം പുലര്‍ത്തുന്നു. ബ്ലൂംബെര്‍ഗ് പറയുന്നതനുസരിച്ച്, ഫേസ്ബുക്കിന് ഉപഭോക്താക്കളെ നഷ്ടപ്പെടുകയും അത് ടിക് ടോക്കിന് കൂടുതല്‍ ഗുണം ചെയുകയും ചെയ്തു. ഹ്രസ്വ വീഡിയോകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള പരസ്യങ്ങളില്‍ നിന്ന് ടിക് ടോക്ക് വന്‍ വരുമാനം നേടുകയും ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പുതിയ വീഡിയോ ഫോര്‍മാറ്റുമായി മത്സരിക്കാന്‍ മെറ്റ ശ്രമിക്കുന്നുവെന്നതിന്റെ ആവര്‍ത്തിച്ചുള്ള സൂചനകള്‍ ഉള്ളതിനാല്‍, ഫേസ്ബുക്കിന്റെ നിക്ഷേപകര്‍ പ്രതീക്ഷയിലാണ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇന്‍സ്റ്റാഗ്രാം ചീഫ് ആദം മൊസേരി, ടിക് ടോക്കിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫോട്ടോയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് പകരം വീഡിയോകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം എടുത്തത്. ബുധനാഴ്ച സുക്കര്‍ബര്‍ഗും ഇന്‍സ്റ്റാഗ്രാം റീലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്ന് ആവര്‍ത്തിച്ചു. മെറ്റയുടെ ദീര്‍ഘകാല വിജയം തന്റെ മെറ്റാവേര്‍സ് വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു എന്നതില്‍ സിഇഒ ഉറച്ചുനില്‍ക്കുന്നു. എന്നിരുന്നാലും, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മെറ്റാവേര്‍സ് പ്രോജക്ടുകളില്‍ കമ്പനിക്ക് 20 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ദിവസേനയുള്ള ഉപയോക്താക്കളുടെ നഷ്ടം ഏറ്റവും കൂടുതലുള്ള ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഉപഭോക്താക്കള്‍ക്ക് ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ താല്‍പ്പര്യം കുറവാണെന്നും ഡാറ്റ വെളിപ്പെടുത്തി. ഉല്‍പ്പന്നം ആഗോളതലത്തില്‍ പൂരിതമാകാമെന്ന് ഇത് കാണിക്കുന്നുവെന്ന് ചില വിശകലന വിദഗ്ധര്‍ ആരോപിക്കുന്നു. മെറ്റയുടെ നാലാം പാദ വരുമാന റിപ്പോര്‍ട്ടുകള്‍ യുഎസിലും യൂറോപ്പിലും പ്ലാറ്റ്ഫോമിന്റെ ഉപയോക്തൃ വളര്‍ച്ച സ്തംഭിച്ചതായി സൂചിപ്പിക്കുന്നു. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടരുന്ന പ്രവണതയാണ്.
മെറ്റയുടെ 2021ലെ നഷ്ടങ്ങള്‍ക്ക് സുക്കര്‍ബര്‍ഗ് റിയാലിറ്റി ലാബിലെ നിക്ഷേപവും കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ ഈ വര്‍ഷം ചെലവ് വര്‍ദ്ധിക്കും. റിയാലിറ്റി ലാബിലെ നിക്ഷേപം ഇല്ലായിരുന്നുവെങ്കില്‍ 2021-ലെ മെറ്റയുടെ മൊത്തത്തിലുള്ള ലാഭം 56 ബില്യണ്‍ ഡോളറില്‍ കൂടുതലാകുമായിരുന്നുവെന്നും വിശകലന വിദഗ്ധര്‍ ആരോപിക്കുന്നു.
അതേസമയം, ആപ്പിളിന്റെ ഐഒഎസിലെ സ്വകാര്യത മാറ്റങ്ങളും സാമ്പത്തിക വെല്ലുവിളികളും ഉള്‍പ്പെടെയുള്ള മറ്റ് ഘടകങ്ങളും മെറ്റയുടെ തിരിച്ചടിയ്ക്ക് കാരണമായതായി കമ്പനി പറയുന്നു. പണപ്പെരുപ്പവും പരസ്യദാതാക്കളുടെ ബജറ്റിനെ ബാധിക്കുന്ന വിതരണ ശൃംഖല പ്രശ്‌നങ്ങളും പ്രതീക്ഷിച്ചതിലും നിരാശയുണ്ടാക്കി. പ്രധാന ന്യൂസ് ഫീഡുകള്‍ ചെയ്യുന്നതുപോലെ വരുമാനം ഉണ്ടാക്കാത്ത ഉല്‍പ്പന്നങ്ങളായ റീല്‍സ് വീഡിയോകള്‍ പോലുള്ളവയിലേക്ക് ഉപയോക്തൃ താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്നും മെറ്റ പറഞ്ഞു.
എല്ലാത്തിനും പുറമെ, മെറ്റയ്‌ക്കെതിരെ അടുത്തിടെ ഉണ്ടായ ആരോപണങ്ങളും നിയമക്കുരുക്കുകളും കമ്പനിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.തന്റെ മകളെ അക്രമാസക്തയായ ഒരു സെല്‍ഫോണ്‍ അഡിക്റ്റാക്കി മാറ്റിയതിനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനും രണ്ടാഴ്ച മുമ്പ് മെറ്റയ്ക്കെതിരെ ഒരു സ്ത്രീ കേസ് ഫയല്‍ ചെയ്തിരുന്നു. 2020 മാര്‍ച്ചില്‍ മകളുടെ 14-ാം ജന്മദിനത്തിന് ഒരു സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നതുവരെ എല്ലാം ശാന്തമായിരുന്നു. അതിനുശേഷം എല്ലാം തകിടംമറിഞ്ഞു. സോഷ്യല്‍ മീഡിയ വിക്ടിംസ് ലോ സെന്ററിന്റെ സഹായത്തോടെ സ്നാപ്ചാറ്റിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനികള്‍ക്കെതിരെ ഡോഫിംഗ് കേസെടുക്കുന്നു. ജനുവരി 20ന് ഒറിഗോണിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്.
വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഗവേഷണം വെളിപ്പെടുത്തിയതിനനുസരിച്ച് ഇന്‍സ്റ്റാഗ്രാം ചെറുപ്പക്കാരായ പെണ്‍കുട്ടികളുടെ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ഫേസ്ബുക്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാരില്‍ 13 ശതമാനം ബ്രിട്ടീഷ് ഉപയോക്താക്കളും 6 ശതമാനം അമേരിക്കന്‍ ഉപയോക്താക്കളും അവരുടെ ആത്മഹത്യാ വികാരങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
ഡോഫിംഗിന്റെ ഉല്‍പ്പന്ന ബാധ്യതാ വ്യവഹാരം പ്രകാരമാണ് കേസ് നല്‍കിയിരിക്കുന്നത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ ഉപയോഗിക്കുമ്പോള്‍ അപകടകരമാണെന്ന് അറിയുകയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യ്തു. അജ്ഞാതരും പ്രായമായവരുമായ ഉപയോക്താക്കള്‍ കുട്ടികളെ ആപ്പുകളില്‍ ബന്ധപ്പെടുന്നതില്‍ നിന്ന് തടയുന്നതില്‍ പരാജയപ്പെട്ടതായും മകളെ ലൈംഗിക ചൂഷണത്തിന് വിധേയമാകാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ സൗകര്യമൊരുക്കിയതായും ഡോഫിംഗ് ആരോപിക്കുന്നു. ഇതും മെറ്റയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടിയ പ്രധാന ഘടകമാണ്.