
ദുബായ്: വിഞ്ജാന മേഖലകളില്‍ ചൈനയുമായി കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനൊരുങ്ങി യുഎഇ. യുഎഇയുടെ പുതിയ വ്യാവസായിക വികസന നയത്തിന്റെ ഭാഗമായാണ് പുനരുപയോഗ ഊര്‍ജം, ലൈഫ് സയന്‍സസ്, അഗ്രി ടെക് അടക്കമുള്ള മേഖലകളില്‍ ബന്ധം ശക്തമാക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാവി വെല്ലുവിളികള്‍ നേരിടുന്നതില്‍ നിര്‍ണായകമായ കണ്ടുപിടിത്തങ്ങള്‍ക്കായി ഒന്നിക്കാന്‍ ഇരു രാജ്യങ്ങളും മാതൃക മുന്നോട്ടുവെച്ചതായി യുഎഇയിലെ വ്യാവസായിക, ആധുനിക സാങ്കേതികവിദ്യ വകുപ്പ് മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജബര്‍ അറിയിച്ചു.
കണ്ടുപിടിത്തങ്ങള്‍ക്കായി രാജ്യങ്ങള്‍ ഒന്നിക്കുമ്പോള്‍ ചിലവുകള്‍ കുറയുമെന്നും സാമ്പത്തിക അവസരങ്ങളും സമൂഹത്തിനുള്ള നേട്ടങ്ങളും വര്‍ധിക്കുമെന്നുമാണ് തങ്ങള്‍ തെളിയിക്കുന്നതെന്ന് ഈ വര്‍ഷത്തെ പുജിയാംഗ് ഇന്നവേഷന്‍ ഫോറത്തില്‍ വിര്‍ച്വലായി പങ്കെടുത്ത് കൊണ്ട് അല്‍ ജബര്‍ പറഞ്ഞു. കോവിഡ്-19 പകര്‍ച്ചവ്യാധിക്കാലത്ത് യുഎഇ-ചൈന ബന്ധം കൂടുതല്‍ ശക്തമായിരുന്നു. റെക്കോഡ് സമയം കൊണ്ട് ചൈന ഉല്‍പ്പാദിപ്പിച്ച വാക്സിനുകള്‍ വേഗത്തില്‍ വിതരണം ചെയ്തുകൊണ്ട് ലോകത്തില്‍ ഏറ്റവുമാദ്യം വാക്സിനേഷന്‍ ആരംഭിച്ച രാജ്യങ്ങളിലൊന്നായി യുഎഇ മാറിയിരുന്നു.
പുനരുപയോഗ ഊര്‍ജ മേഖലയിലും യുഎഇ ചൈനയുമായി സഹചകരിക്കുന്നുണ്ട്. യുഎഇ-ചൈന പങ്കാളിത്തത്തിലുള്ള നൂര്‍ അബുദാബി പദ്ധതി ലോകത്തിലെ ഏറ്റവും വലിയ സിംഗിള്‍ സൈറ്റ് സൗരോര്‍ജ നിലയമാണ്. 1.2 ജിഗാവാട്ടിന്റെ സംശുദ്ധ ഊര്‍ജ പദ്ധതിയായ നൂര്‍ അബുദാബിക്ക് വേണ്ടി 8 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 3.2 മില്യണ്‍ സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. അല്‍ ദഫ്ര സോളാര്‍ പിവി പദ്ധതിയിലൂടെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇരുരാജ്യങ്ങളും ഉടന്‍ തന്നെ പുതിയ റെക്കോഡ് സ്ഥാപിക്കുമെന്ന് അല്‍ ജബര്‍ പറഞ്ഞു. നൂര്‍ പദ്ധതിയേക്കാള്‍ ഇരട്ടി വലുപ്പമുള്ള പദ്ധതിയാണിത്. പരമ്പരാഗത വ്യവസായ മേഖലകളിലും ഉയര്‍ന്നുവരുന്ന വ്യവസായ മേഖലകളിലും പുതിയ കണ്ടുപിടിത്തങ്ങള്‍ക്കായി പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും സര്‍ഗാത്മകമായും വാണിജ്യപരമായും നിരവധി അവസരങ്ങള്‍ ഉണ്ടെന്നും അല്‍ ജബര്‍ പറഞ്ഞു.