ലക്ഷങ്ങളുടെ കടം; തീയറ്ററുകള്‍ തുറക്കുമ്പോള്‍ ഉടമകള്‍ക്ക് ആശ്വാസമോ?

October 04, 2021 |
|
News

                  ലക്ഷങ്ങളുടെ കടം; തീയറ്ററുകള്‍ തുറക്കുമ്പോള്‍ ഉടമകള്‍ക്ക് ആശ്വാസമോ?

തീയറ്ററുകള്‍ തുറക്കുമ്പോള്‍ ഉടമകള്‍ നേരിടേണ്ടത് ഒട്ടേറെ വെല്ലുവിളികളെയാണ്. പകുതി പ്രേക്ഷകരെ മാത്രം പ്രവേശിപ്പിക്കുമ്പോള്‍ നേരത്തെ ഉണ്ടായിരുന്ന വരുമാനം പകുതിയാകുകയും പല തീയറ്ററുകളുടെയും വൈദ്യുതി ചാര്‍ജ് ഉള്‍പ്പെടെയുള്ള ഭീമമായ കുടിശികകള്‍ ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുമ്പോള്‍, സര്‍ക്കാരില്‍ നിന്ന് ആശ്വാസ നടപടികള്‍ ലഭിക്കാതെ തീയറ്ററുകള്‍ പലതും തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അടഞ്ഞു കിടന്നപ്പോള്‍ പ്രൊജക്ഷന്‍ സിസ്റ്റങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍, പലര്‍ക്കും ലക്ഷങ്ങളുടെ കുടിശികകളാണ് ഇപ്പോഴുമുള്ളത്. ഈ മാസം 25 മുതല്‍ തിയറ്ററുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. പ്രശ്‌നം തീയറ്റര്‍ ഉടമകളും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.

സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന മാനദണ്ഡപ്രകാരം തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ അത് നഷ്ടമായി തീരുമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഡ്യൂട്ടിയില്‍ വയ്ക്കുകയും അമ്പതു ശതമാനം സീറ്റില്‍ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രം പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണു സര്‍ക്കാര്‍ മാനദണ്ഡത്തില്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ നാലു ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ നടത്തുമ്പോള്‍ കിട്ടുന്ന വരുമാനമാണ് ഇനി നേര്‍പകുതിയാവുന്നത്. മിക്ക തിയറ്ററുകളും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തന്നെ ലക്ഷങ്ങള്‍ ചെലവഴിച്ചു കഴിഞ്ഞിട്ടുണ്ട്. തിയറ്ററുകള്‍ നവീകരിക്കുന്ന കാശു പോലും മുതലാകില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. എസി പ്രവര്‍ത്തിപ്പിക്കാതെ സിനിമ പ്രദര്‍ശിപ്പിക്കാനും കഴിയില്ല. കഴിഞ്ഞ ജനുവരിയില്‍ തിയറ്ററുകള്‍ പകുതിയോളം ആളുകളെ പ്രവേശിപ്പിച്ചു തുറന്നപ്പോള്‍, മൂന്നുമാസത്തെ വിനോദനികുതി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

ഇതിനിടയില്‍ തിയറ്ററുകള്‍ പ്രവര്‍ത്തിച്ചാലും, തീയറ്ററുകളില്‍ ആളുകള്‍ കയറുമോ എന്ന ആശങ്കയും സിനിമാ പ്രവര്‍ത്തകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിനാല്‍ ''മരക്കാര്‍ അറബിക്കടലിന്റെ സിംഹം'' ''തുറമുഖം'' ''ആറാട്ട്'' തുടങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ റിലീസൊക്കെ നീട്ടിവെക്കാനും സാധ്യതയുണ്ട്. കേരളത്തില്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് 'ധനം' ത്തോട് പറഞ്ഞു. വിനോദ നികുതി ഒഴിവാക്കണമെന്നും ജി.എസ്.ടി ഇളവ് അനുവദിക്കണമെന്നുമുള്ള സിനിമാ സംഘടനകളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. തിയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ കറന്റ് ചാര്‍ജ് ഉള്‍പ്പെടെ ഫിക്‌സഡ് ചാര്‍ജുകളിലും ഒരിളവ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പല തീയറ്റര്‍ ഉടമകളും കുടിശികകള്‍ അടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലാണ്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തില്ലെങ്കില്‍ സിനിമാ തീയറ്ററുകള്‍ അടഞ്ഞു തന്നെ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read more topics: # Theatres,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved