തേജസ് എക്‌സ്പ്രസ് വൈകിയതുവഴി യാത്രക്കാര്‍ക്ക് ലഭിക്കുക ഭീമമായ തുക; രണ്ട് മണിക്കൂറിലധികം വൈകിയാല്‍ 250 രൂപ പിഴ

October 23, 2019 |
|
News

                  തേജസ് എക്‌സ്പ്രസ് വൈകിയതുവഴി യാത്രക്കാര്‍ക്ക് ലഭിക്കുക ഭീമമായ തുക; രണ്ട് മണിക്കൂറിലധികം വൈകിയാല്‍ 250 രൂപ പിഴ

മുംബൈ: തേജസ് എക്‌സ്പ്രസ് വൈകിയതുവഴി യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക ആകെ 1.62 ലക്ഷം രൂപ. മൂന്നുമണിക്കൂറിലധികം തീവണ്ടി വൈകിയോടിയതിന് ഓരോ യാത്രക്കാരനും നഷ്ടപരിഹാരമായി ലഭിക്കുന്നത് 250 രൂപയാണ്. ഒരു മണിക്കൂര്‍ വൈകിയെത്തിയാല്‍ നൂറുരൂപവീതവും രണ്ടുമണിക്കൂറോ അതിലധികമോ വൈകിയാല്‍ 250 രൂപ വീതവുമാണ് നഷ്ടപരിഹാരമായി ഐ.ആര്‍.സി.ടി.സി. പ്രഖ്യാപിച്ചിട്ടുള്ളത്. ഒക്ടോബര്‍ 19 നായിരുന്നു ഐ.ആര്‍.സി.ടി.സി. ഏറ്റെടുത്തുനടത്തുന്ന ഡല്‍ഹി-ലഖ്‌നൗ തേജസ് എക്‌സ്പ്രസ് മൂന്നുമണിക്കൂറിലധികം വൈകിയത്.

ലഖ്‌നൗവില്‍നിന്ന് രാവിലെ 6.10-ന് പുറപ്പെടേണ്ട ട്രെയിന്‍ 9.55-നാണ് തിരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മടങ്ങാന്‍ രണ്ടുമണിക്കൂറിലധികം എടുക്കുകയും ചെയ്തു. ഇരു യാത്രകളിലുമായി ആയിരത്തോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. റെയില്‍വേയില്‍നിന്ന് ഐ.ആര്‍.സി.ടി.സി. ഏറ്റെടുത്തു നടത്തുന്ന ആദ്യതീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ ആദ്യമാണ് ഓടിത്തുടങ്ങിയത്.നഷ്ടപരിഹാരം ലഭിക്കാനായി പി.എന്‍.ആര്‍. നമ്പറും ബാങ്ക് അക്കൗണ്ട് വിവരവും എത്രമണിക്കൂര്‍ വൈകി എന്നതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് സമര്‍പ്പിക്കണം.

ഓണ്‍ലൈനില്‍ ലഭ്യമായ ഫോമിലാണ് ഇവ നല്‍കേണ്ടത്. ഇതനുസരിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് ഐ.ആര്‍.സി.ടി.സി. വ്യക്തമാക്കി. തേജസ് എക്‌സ്പ്രസ് ആദ്യത്തെ 25 ലക്ഷം യാത്രക്കാര്‍ക്ക് സൗജന്യമായാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയ്ക്കിടെ വസ്തുക്കള്‍ മോഷണം പോയാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും ഇന്‍ഷൂറന്‍സ് പരിരക്ഷയിലുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved