
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങി. രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ ഓടിത്തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് സന്തോഷം നല്‍കുന്ന നിരവധി പരിഷ്‌കാരങ്ങളാണ് തേജസ് ട്രെയിനിലുള്ളത്.സര്‍വ്വസജ്ജീകരണങ്ങളോടും കൂടി ഒരു ആഡംബര വാഹനം തന്നെയാണ് ഈ സ്വകാര്യ തീവണ്ടി. ലഖ്നൗ-ഡല്‍ഹി പാതയില്‍ ഓടുന്ന തേജസിന്റെ സര്‍വീസ് ഇന്നലെയാണ് ആരംഭിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസിന്റെ ആദ്യ യാത്ര ഇന്ന് ആരംഭിക്കും. ഐ.ആര്‍.സി.ടി.സി.യുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ്.
മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും ലഭ്യമാണെന്നുള്ളത് മറ്റൊരു ഉപകാരമാണ്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്യും. ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും.
ആറ് മണിക്കൂര്‍ പതിനഞ്ച് മിനിറ്റിനുള്ളില്‍ തേജസ് എക്‌സ്പ്രസ് ലഖ്‌നൗവില്‍നിന്ന് ഡല്‍ഹിയിലെത്തും. രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗസ്സിയാബാദിലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. സെമി ഹൈസ്പീഡ് ട്രെയിനാണ് തേജസ്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ എക്‌സ്പ്രസായ സ്വര്‍ണ്‍ ശതാബ്ദിയെക്കാള്‍ വേഗതയുള്ളതാണ് തേജസ് എക്‌സ്പ്രസ്.