പ്രചരണം തെറ്റ്; രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്

October 11, 2021 |
|
News

                  പ്രചരണം തെറ്റ്; രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി ആര്‍കെ സിങ്. എന്നാല്‍ കടുത്ത കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ പലതും പവര്‍കട്ടിലേക്ക് നീങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയില്‍ കല്‍ക്കരി ക്ഷാമമോ ഊര്‍ജ്ജ പ്രതിസന്ധിയോ ഇല്ലെന്ന് ആര്‍കെ സിങ് പറഞ്ഞു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവര്‍ പ്ലാന്റുകള്‍ക്ക് വേണ്ടത്ര ഗ്യാസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല. കല്‍ക്കരിക്ക് ക്ഷാമമെന്നത് അടിസ്ഥാനമില്ലാത്ത വാദമെന്ന് പറഞ്ഞ മന്ത്രി കല്‍ക്കരിയുടെ സംഭരണത്തിലും വിതരണത്തിലും തടസമില്ലെന്നും പറഞ്ഞു.

നാല് ദിവസത്തേക്കുള്ള കല്‍ക്കരിയുടെ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. എല്ലാ ദിവസവും പുതിയ കല്‍ക്കരി സ്റ്റോക്ക് രാജ്യത്തേക്ക് എത്തുന്നുണ്ട്. കല്‍ക്കരി മന്ത്രിയുമായി ആശയവിനിമം നടത്തുന്നുണ്ടെന്നും ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം തുടക്കം മുതലേ പറയുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തരേന്ത്യയില്‍ കല്‍ക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പവര്‍കട്ട്  പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നല്‍കി. കല്‍ക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.

പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് അപ്പോഴും കേന്ദ്ര സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണെന്നത് സ്ഥിതി ഗുരുതരമാക്കുന്നു.

കേന്ദ്ര ഗ്രിഡില്‍ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്‍ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved