മിനിമം വേതനം മണിക്കൂറിന് 1,839രൂപ; ഈ നഗരം തരും ലോകത്ത് ഏറ്റവും ഉയര്‍ന്ന വേതനം

October 06, 2020 |
|
News

                  മിനിമം വേതനം മണിക്കൂറിന് 1,839രൂപ; ഈ നഗരം തരും ലോകത്ത് ഏറ്റവും ഉയര്‍ന്ന വേതനം

ലോകത്ത് ഏറ്റവും കൂടുതല്‍ മിനിമം വേതനം നല്‍കുന്ന രാജ്യമാകാന്‍ സ്വിറ്റ്സര്‍ലാന്‍ഡ്. മണിക്കൂറിന് 23 സ്വിസ് ഫ്രാങ്ക് (25ഡോളര്‍) കൂലിയിനത്തില്‍ നല്‍കാനാണ് ധാരണയിലെത്തിയത്. അതായത് ശരാശരി 1,839രൂപ. പുതുക്കിയ വേതനത്തിന് അനുകൂലമാണോയെന്ന സര്‍ക്കാരിന്റെ ചോദ്യത്തിന് ജനീവ നഗരം ഉള്‍പ്പെടുന്ന മേഖലയായ കാന്റണിലെ 58 ശതമാനം വോട്ടര്‍മാരും അനുകൂല നിലപാടാണെടുത്തത്.

ദാരിദ്രത്തിനെതിരെ പോരാടുക, സാമൂഹിക സമന്വയത്തെ അനുകൂലിക്കുക, മനുഷ്യന്റെ അന്തസ്സിനെ ബഹുമാനിക്കുക-എന്നിവ ലക്ഷ്യമിട്ടാണ് ലോകത്തെ ഏറ്റവും ഉയര്‍ന്ന വേതനം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നവംബര്‍ ഒന്നുമുതല്‍ കാന്റണില്‍ പുതുക്കിയ വേതനം നിലവില്‍ വരും. സ്വിറ്റ്സര്‍ലാന്‍ഡിലെ ജോലി സമയം അടിസ്ഥാനമാക്കി ആഴ്ചയില്‍ 41 മണിക്കൂര്‍ എന്ന കണക്കുപ്രകാരം പ്രതിമാസം 3,772 സ്വിസ് ഫ്രാങ്കാണ് ലഭിക്കുക. അതായത് 3,01,382 രൂപ.

ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ പത്താമത്തെ നഗരമാണ് ജനീവയെന്ന് 2020ലെ ദി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹോങ്കോങും സിങ്കപൂരുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. ജനീവയില്‍ ഒരുകിലോഗ്രാം റൊട്ടിക്ക് ശരാശരി 2.49 സ്വിസ് ഫ്രാങ്ക്(199 രൂപ)യാണ് വിലയെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണാഫ്രിക്കയില്‍ 1.23 ഡോളറാണ് മണിക്കൂറിന് മിനിമം വേതനം. യു.എസില്‍ 7.25 ഡോളറും യു.കെയില്‍ 11.33 ഡോളറും ഓസ്ട്രേലിയയില്‍ 19.84 ഡോളറുമാണ് ഒരുമണിക്കൂര്‍ തൊഴിലെടുത്താല്‍ ലഭിക്കുന്ന മിനിമം വേതനം. കോവിഡ് വ്യാപനം സമ്പദ്ഘടനയെ കാര്യമായി ബാധിച്ചെങ്കിലും സ്വിറ്റ്സര്‍ലാന്‍ഡ് ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ്. 2020ല്‍ ജി.ഡി.പി മൈനസ് 6.2ശതമാനമായി താഴുമെന്നും തൊഴിലില്ലായ്മ നിരക്ക് 3.8ശതമാനമാകുമെന്നുമാണ് സ്വിസ് സര്‍ക്കാരിന്റെ സാമ്പത്തിക വിദഗ്ധരുടെ വിലിയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved