
തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച ധനപ്രതിസന്ധിയെ മറികടക്കാൻ റിസർവ് ബാങ്ക് സഹായം അപര്യാപ്തമാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. പ്രതിസന്ധി തിരിച്ചറിയാത്ത നിലപാടാണ് റിസർവ് ബാങ്കിന്റേത്. സംസ്ഥാനം കേൾക്കാനാഗ്രഹിച്ചത് 3 കാര്യങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. കാർഷിക കടങ്ങൾ എഴുതി തള്ളലാണ് അതിൽ പ്രധാനപ്പെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ കാർഷിക പ്രവൃത്തികൾ അധികം നടന്നിട്ടില്ല. കടം എഴുതി തള്ളിയില്ലെങ്കിൽ മൊറട്ടോറിയം പ്രഖ്യാപിക്കണം. 3 മാസത്തെ മൊറട്ടോറിയമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നു മാസം കഴിഞ്ഞാൽ പലിശ കൊടുത്തു തുടങ്ങണം. അല്ലെങ്കിൽ മുതലിൽ ചേർക്കും.
മൊറട്ടോറിയം 1 വർഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാനത്തിൻറെ രണ്ടാമത്തെ ആവശ്യമെന്ന് ധനമന്ത്രി പറഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് സഹായം വേണമെന്നതാണ് മൂന്നാമത്തെ ആവശ്യം. അവരുടെ വായ്പ പുനക്രമീകരിക്കാൻ റിസർവ് ബാങ്ക് പദ്ധതി പ്രഖ്യാപിക്കണം. 60 ശതമാനം പണം സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭ്യമാക്കുമെന്ന് റിസർവ് ബാങ്കിന്റെ പ്രഖ്യാപനത്തിൽ പറയുന്നെങ്കിലും ഏതിന്റെ 60 ശതമാനം എന്നു പറയുന്നില്ല. വെയിസ് ആൻഡ് മീൻസ് 1,215 കോടിരൂപയാണ്. എപ്പോൾ വേണമെങ്കിലും ഈ തുക സംസ്ഥാന സർക്കാരിന് എടുക്കാം. ഈ തുക കഴിഞ്ഞാൽ ഓവർ ട്രാഫ്റ്റിലേക്ക് പോകും. 21 ദിവസത്തിനകം ഈ പണം തിരിച്ചടയ്ക്കണം. ഇതും വെയിസ് ആൻഡ് മീൻസിന് തുല്യമായ തുകയാണ്.
ഇത് തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി പൂട്ടും. ഇതിന്റെ 60 ശതമാനം വർധിക്കുമെന്നാണ് പ്രഖ്യാപനത്തിലുള്ളത്. സംസ്ഥാനത്തിന് 21 ദിവസത്തേക്ക് 729 കോടിരൂപ അധിക വായ്പ താൽക്കാലികമായി ലഭിക്കുമെന്നാണ് പ്രഖ്യാപനത്തിന്റെ അർഥം. സെപ്റ്റംബർ 30നകം ഈ തുക തിരിച്ചടയ്ക്കണമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വായ്പാ പരിധി 3 ശതമാനത്തിൽനിന്ന് 5 ശതമാനമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അങ്ങനെ വന്നാൽ 18,000 കോടി അധികമായി വായ്പ എടുക്കാം. അപ്പോഴാണ് 729 കോടിരൂപ വായ്പയായി എടുക്കാമെന്ന് പറയുന്നതെന്നും ധനമന്ത്രി പറഞ്ഞു.