ബിഎസ്എന്‍എല്‍,എംടിഎന്‍എല്ലില്‍ വിആര്‍എസ് എടുത്തവര്‍ക്ക് കുടിശിക വൈകിയേക്കും

February 06, 2020 |
|
News

                  ബിഎസ്എന്‍എല്‍,എംടിഎന്‍എല്ലില്‍ വിആര്‍എസ് എടുത്തവര്‍ക്ക് കുടിശിക വൈകിയേക്കും

ദില്ലി: സ്വമേധയാ വിരമിക്കല്‍ പദ്ധതി തിരഞ്ഞെടുത്ത ബിഎസ്എന്‍എല്‍, എംടിഎന്‍എല്ലിലെയും ജീവനക്കാര്‍ക്ക് അവരുടെ കുടിശ്ശിക തുക ലഭിക്കുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും. 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റിലേക്കായാണ് വിരമിക്കല്‍ പദ്ധതിക്കുള്ള തുക വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ വെച്ചിരിക്കുന്നത്്. ഇതിനായി നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് കുടിശ്ശിക ലഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണം. വിആര്‍എസ് സെറ്റില്‍മെന്റ്, 4 ജി സ്‌പെക്ട്രത്തിനായുള്ള മൂലധന നിക്ഷേപം, ജിഎസ്ടി അടയ്ക്കുന്നതിനുള്ള ഗ്രാന്റ് എന്നിവയെല്ലാം കണക്കിലെടുത്ത് 37,268.42 കോടി രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ടെലികോം കമ്പനികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുംബൈയിലും ദില്ലിയിലും സേവനങ്ങള്‍ നല്‍കുന്ന എംടിഎന്‍എല്ലിനെ ബിഎസ്എന്‍എല്ലുമായി സംയോജിപ്പിക്കാനുള്ള പദ്ധതിക്ക്  കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.

വിആര്‍എസ് നടപ്പാക്കുന്നതിന് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 528 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. നഷ്ടം ആവര്‍ത്തിക്കുന്ന രണ്ടു പൊതുമേഖലാ ടെലികോം കമ്പനികളെയും ലയിപ്പിക്കുക, അവയുടെ ആസ്തിയിലൂടെ ധനസമ്പാദനം നടത്തുക, ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കുക എന്നിവ ഉള്‍പ്പെടെള്ള ആവശ്യങ്ങള്‍ക്ക് ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനുമായി 69,000 കോടി രൂപയുടെ പാക്കേജിനാണ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

 

Related Articles

© 2025 Financial Views. All Rights Reserved