
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്നു അനില്‍ അംബാനി. ലോക സമ്പന്ന പട്ടികയില്‍ ഒരു ഘട്ടത്തില്‍ ആറാമനും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സമ്പന്നപ്പട്ടികയില്‍ ഇല്ലെന്ന് മാത്രമല്ല, വലിയ കടത്തിലുമാണ് അനില്‍ അംബാനി. ഇന്ത്യയിലെ വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ അനുജന്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. അനിലിന്റെ മൂന്ന് കമ്പനികള്‍ വന്‍ ബാങ്ക് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നു എന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. തട്ടിപ്പ് തെളിഞ്ഞാല്‍, അനില്‍ അംബാനിയുടെ ബാധ്യത വിജയ് മല്യയുടേതിനേക്കാള്‍ പത്തിരട്ടിയെങ്കിലും വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള മൂന്ന് കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചാണ് സംശയമുയര്‍ന്നിരിക്കുന്നത്. റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഫ്രാടെല്‍, റിലയന്‍സ് ടെലികോം എന്നിവയാണ് അവ. ഈ കമ്പനികളുടെ അക്കൗണ്ടുകളെ കുറിച്ച് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങിയിരിക്കുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ പൊതുമേഖല ബാങ്കുകള്‍ ആണ് അനില്‍ അംബാനിയുടെ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് സംശയം ഉയര്‍ത്തിയിരിക്കുന്നത്. വന്‍ ക്രമക്കേട് തന്നെയാണ് സംശയിക്കുന്നത്. വിശദമായ ഓഡിറ്റിങ്ങിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളു.
55 ബില്യണ്‍ രൂപയുടെ ക്രമക്കേടുകള്‍ ആണ് ഇപ്പോള്‍ സംശയിക്കുന്നത്. പല അക്കൗണ്ടുകളും വ്യാജമാണെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. 2017 മെയ് മുതല്‍ 2018 മാര്‍ച്ച് വരെയുള്ള സമയത്താണ് ക്രമക്കേടുകള്‍ നടന്നത് എന്നാണ് കരുതുന്നത്. എന്തായാലും അനില്‍ അംബാനിക്ക് ഇനിയുള്ള നാളുകളും ഉറക്കമില്ലാത്ത രാത്രികള്‍ ആകും സമ്മാനിക്കുക.
ഇന്ത്യയില്‍ വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ആളാണ് മദ്യരാജാവ് വിജയ് മല്യ. അനിലിന്റെ ക്രമക്കേടുകള്‍ ശരിയെങ്കില്‍ ബാങ്ക് തട്ടിപ്പ് വഴിയുള്ള ബാധ്യത വിജയ് മല്യക്ക് നിലവില്‍ ഉള്ളതിന്റെ പത്തിരട്ടിയെങ്കിവും വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒരുകാലത്തെ ശതകോടീശ്വരന്‍ അഴിയ്ക്കുള്ളിലാകുമോ എന്നാണ് ഇനി അറിയേണ്ടത്.
തന്നെ പാപ്പരായി പ്രഖ്യാപിക്കണം എന്ന ആവശ്യവുമായാണ് അനില്‍ അംബാനി ഇപ്പോഴുള്ളത്. അതിനിടെ പണം കടമെടുത്ത ചൈനീസ് ബാങ്കുകളില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദവും അനില്‍ അംബാനി നേരിട്ടുകൊണ്ടിരിക്കുകയാണ്. തന്റെ കൈയ്യില്‍ സ്വത്തായിട്ട് ഒന്നുമില്ലെന്നാണ് അനില്‍ ഇപ്പോള്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ സഹോദരനാണ് അനില്‍ അംബാനി. ധീരുഭായ് അംബാനിയുടെ മരണശേഷം സ്വത്ത് വീതംവയ്ക്കല്‍ വലിയ വിവാദങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവച്ചിരുന്നു. അന്ന് മുകേഷിനേക്കാള്‍ സമ്പന്നനായിരുന്ന അനില്‍ ഇപ്പോള്‍ സമ്പൂര്‍ണ തകര്‍ച്ചയിലാണ്. ഈ ഘട്ടത്തില്‍ ജ്യേഷ്ഠനായ മുകേഷ് അംബാനി, അനിലിനെ സഹായിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എറിക്സണ്‍ കേസില്‍ പണം നല്‍കാനില്ലാതെ നട്ടംതിരിഞ്ഞപ്പോള്‍ സഹായിച്ചത് മുകേഷ് അംബാനി ആയിരുന്നു. ഇതിന് അനില്‍ അന്ന് നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ ആ സാമ്പത്തിക സഹായം വ്യക്തിപരമായ ധനസഹായം ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അനിലിന്റെ കമ്പനി പാട്ടത്തിന് എടുത്ത വകയില്‍ ആണ് മുകേഷ് പണം നല്‍കിയത് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.