
മുംബൈ: നിരോധിച്ച പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശം വച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഒസ്മാന്‍പുരയില്‍ നിന്നാണ് മഹാരാഷ്ട്ര പൊലീസ് ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തിയത്. പൊലീസ് ചെക്‌പോസ്റ്റില്‍ വച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരും പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്നത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ഖദെ പറഞ്ഞു.
'കേസില്‍ വിശദമായ അന്വേഷണം നടത്തും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. സ്പെസിഫൈഡ് ബാങ്ക് നോട്‌സ് നിയമ പ്രകാരം മൂവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,' ഡിസിപി വ്യക്തമാക്കി. 2016 നവംബര്‍ 8 ചൊവ്വാഴ്ച അര്‍ധരാത്രി മുതലാണ് ഇന്ത്യയില്‍ 1000, 500 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയത്. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിക്കും ഇടയാക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഇത് മാറ്റി പുതിയ നോട്ട് വാങ്ങണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. നവംബര്‍ 10 മുതല്‍ വിതരണത്തിനെത്തുമെന്നും അദ്ദേഹം അറിയിച്ചു.