ലോകമെങ്ങും ചൈനാ വിരുദ്ധത അലയടിക്കുന്നു; ചൈന വിടാനൊരുങ്ങി ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സും

July 10, 2020 |
|
News

                  ലോകമെങ്ങും ചൈനാ വിരുദ്ധത അലയടിക്കുന്നു; ചൈന വിടാനൊരുങ്ങി ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സും

ചൈനീസ് കമ്പനിയാണെന്ന ഖ്യാതി മാറ്റാനുള്ള പുറപ്പാടിലാണ് ടിക്ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ്. അതിനായി ചൈനയ്ക്ക് പുറത്തേക്ക് ആസ്ഥാനം മാറ്റുകയാണ്. ചൈനീസ് സര്‍ക്കാരുമായുള്ള അടുത്ത ബന്ധം ബൈറ്റ് ഡാന്‍സിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുകയാണ്. ഈ തിരിച്ചറിവില്‍ നിന്നാണ് ചൈനയില്‍ നിന്നും മടങ്ങാന്‍ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നത്.

നിലവില്‍ ലോകമെങ്ങും ചൈനാ വിരുദ്ധ വികാരം അലയടിക്കുകയാണ്. ഇന്ത്യയില്‍ പ്രചാരമേറിയ ടിക്ടോക്ക് ആപ്പിന് വിലക്ക് വീണുകഴിഞ്ഞു. ഇന്ത്യയുടെ ചുവടുപിടിച്ച് അമേരിക്കയും ടിക്ടോക്കിന് കടിഞ്ഞാണിടാന്‍ ഒരുങ്ങുകയാണ്. ടിക്ടോക്ക്് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി. ചൈനീസ് കമ്പനിയെന്നതാണ് ബൈറ്റ് ഡാന്‍സ് നേരിടുന്ന പ്രധാന ആക്ഷേപം. ഇതിനെ മറികടക്കാന്‍ ചൈനയില്‍ നിന്നും വേരുകള്‍ പറിച്ചുനടണം.

നിലവില്‍ ടിക്ടോക്ക് ബിസിനസിന്റെ കോര്‍പ്പറേറ്റ് ഘടന വിലയിരുത്തുകയാണ് ബൈറ്റ് ഡാന്‍സ്. കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവ് സമിതി കോര്‍പ്പറേറ്റ് ഘടന പുനഃക്രമീകരിക്കാനുള്ള സാധ്യതകള്‍ തേടിക്കഴിഞ്ഞു. ചൈനീസ് കമ്പനിയെന്ന പേരുദോഷം മാറ്റാന്‍ ചൈനയ്ക്ക് പുറത്തുള്ള പുതിയ ആസ്ഥാനം കണ്ടെത്താനും പുതിയ മാനേജ്മെന്റ് ബോര്‍ഡ് രൂപീകരക്കാനും ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നുണ്ട്.

നേരത്തെ, ഗാല്‍വാന്‍ താഴ്വാരയില്‍ ഇന്ത്യയും ചൈനയും സംഘര്‍ഷത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം രാജ്യത്ത് ശക്തി പ്രാപിച്ചത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുകയുണ്ടായി. ഇതിന് പിന്നാലെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയുണര്‍ത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ടിക്ടോക്ക്, ഹെലോ ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ വിലക്കുകയായിരുന്നു.

ഇന്ത്യയില്‍ വലിയ പദ്ധതികളാണ് ബൈറ്റ് ഡാന്‍സ് ആലോചിച്ചു വന്നത്. 2018 -ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച കമ്പനി രണ്ടായിരത്തോളം ജീവനക്കാരെ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്ത് നിയമിച്ചിരുന്നു. അടുത്ത ഒരു വര്‍ഷംകൊണ്ട് 1,000 ജീവനക്കാരെ കൂടി ടിക്ടോക്ക് ഇന്ത്യയില്‍ നിയമിക്കാന്‍ ഒരുങ്ങവെയാണ് വിലക്ക് വീണത്. ടിക്ടോക്കിന് പുറമെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ബൈറ്റ് ഡാന്‍സ് അവതരിപ്പിച്ച മൈക്രോ ബ്ലോഗിങ് ആപ്പ് ഹെലോയും മ്യൂസിക് സ്ട്രീമിങ് ആപ്പ് റെസ്സോയ്ക്കും വിലക്ക് വീണിട്ടുണ്ട്. ഇന്ത്യയിലെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ 6 ബില്യണ്‍ ഡോളര്‍ നഷ്ടം (45,000 കോടി രൂപ) ബൈറ്റ് ഡാന്‍സിന് സംഭവിക്കുമെന്നാണ് വിവരം.

Related Articles

© 2024 Financial Views. All Rights Reserved