നിരോധനം ഏറ്റില്ല; ഫെസ്ബുക്കിനെയും പിന്തള്ളി ആഗോള തലത്തില്‍ ടിക് ടോക്ക് ഒന്നാമത്

August 11, 2021 |
|
News

                  നിരോധനം ഏറ്റില്ല; ഫെസ്ബുക്കിനെയും പിന്തള്ളി ആഗോള തലത്തില്‍ ടിക് ടോക്ക് ഒന്നാമത്

ചൈനീസ് നിര്‍മ്മിത വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് വീണ്ടും ജനശ്രദ്ധ നേടുന്നു. 2020ല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ടിക് ടോക്ക് ആണെന്ന് ആഗോള സര്‍വേ. ജപ്പാനിലെ സാമ്പത്തികകാര്യ ദിനപത്രം നിക്കി ഏഷ്യയുടെ അഭിപ്രായത്തില്‍, യു.എസും ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടും, ടിക് ടോക്ക് പ്രശസ്തിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഡൗണ്‍ലോഡിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 2020 ഡിസംബറില്‍ 540 ദശലക്ഷം ഫെസ്ബുക്ക് ഡൗണ്‍ലോഡുകളും 850 ദശലക്ഷത്തിലധികം ടിക്ക് ടോക്ക് ഡൗണ്‍ലോഡുകളും ഉണ്ടായി.

ഇന്ത്യയില്‍ നിരോധനവും യു.എസിലെ നിയമയുദ്ധവും ഉണ്ടായിരുന്നിട്ടും, 540 മില്യണ്‍ ഡോളര്‍ ലാഭത്തോടെ 2020-ല്‍ ടിക് ടോക്ക് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ആപ്പായി മാറിയിരിക്കുകയാണ്. മാത്രമല്ല, യു.എസിലും യു.കെയിലും യൂട്യൂബിനേക്കാള്‍ ആളുകള്‍ കൂടുതല്‍ സമയം കാണുന്നത് ടിക് ടോക്ക് വീഡിയോകളാണെന്ന് സര്‍വേ എടുത്തുപറയുന്നു. കൂടാതെ സന്ദേശമയക്കല്‍ ആപ്ലിക്കേഷനായ ടെലിഗ്രാമും ഈ കൊവിഡ് കാലത്ത് ജനപ്രീതി നേടിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളെ കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള ഉത്കണ്ഠ സമൂഹത്തില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തിലാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കഴിയുന്ന ടെലഗ്രം, മറ്റ് ആപ്ലിക്കേഷനുകളേക്കാള്‍ മുന്നിലെത്തിയത്.

അതേസമയം ടിക് ടോക്ക് എതിരാളിയും ചൈനീസ് നിര്‍മ്മാണ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായ ചൈനീസ് ലൈക്കി ആഗോളത്തലത്തില്‍ ടിക് ടോക്കിന്റെ സ്ഥാനം പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ആഗോള ഡൗണ്‍ലോഡ് പട്ടികയില്‍ എട്ടാം സ്ഥാനം നേടാനെ ലൈക്കിക്ക് കഴിഞ്ഞുള്ളൂ. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് 2017ലാണ് ടിക് ടോക്കിനെ അന്താരാഷ്ട്രത്തലത്തില്‍ പരിചയപ്പെടുത്തിയത്. അതിനുശേഷം ഫെസ്ബുക്കിനേയും ഫെസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നിവയേയും മറികടന്ന് ടിക് ടോക്ക് മുന്നിലെത്തി.

Related Articles

© 2024 Financial Views. All Rights Reserved