
ന്യൂയോര്‍ക്ക്: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയിരുന്നു ടിക് ടോക്. എന്നാല്‍ ഡാറ്റ സുരക്ഷയെ പ്രതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ചൈനീസ് ആപ്പുകളില്‍ പ്രധാനപ്പെട്ടതും ടിക് ടോക് തന്നെ ആയിരുന്നു. ഇന്ത്യയിലെ നിരോധനത്തിന് ശേഷം ടിക് ടോക് നേരിടുന്ന വെല്ലുവിളി അമേരിക്കയില്‍ നിന്നാണ്. പ്രസിഡന്റ് ട്രംപ് അന്ത്യശാസനം ഇറക്കിയതിനെ തുടര്‍ന്ന് ടിക് ടോക്ക് വില്‍ക്കാനുള്ള ശ്രമത്തിലാണ് മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സ്. ടിക് ടോക്കിന് സ്വന്തമാക്കുന്നതിനുള്ള നീക്കത്തില്‍ ഇപ്പോഴിതാ വാള്‍മാര്‍ട്ടും കക്ഷിയായിരിക്കുകയാണ് എന്നാണ് പുതിയ വാര്‍ത്തകള്‍.
സെപ്തംബര്‍ 15 ന് അകം അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറിയില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബൈറ്റ് ഡൈന്‍സിനോട് പറഞ്ഞിട്ടുള്ളത്. ഇതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അപ്പോള്‍ മുതല്‍ അമേരിക്കയിലെ ടിക് ടോകിന്റെ വില്‍പന സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്.
മൈക്രോ സോഫ്റ്റ്, ഒറാക്കിള്‍, ഗൂഗിള്‍ തുടങ്ങി പല കമ്പനികളുടെ പേരുകളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് അങ്ങനെ ഒരു പദ്ധതിയില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. മൈക്രോ സോഫ്റ്റ് ആണ് ഇപ്പോഴും ചര്‍ച്ചകളില്‍ മുന്‍പന്തിയില്‍ ഉള്ളത്. റീട്ടെയില്‍ വിപണിയെ വമ്പന്‍മാരായ വാള്‍മാര്‍ട്ടും ടിക് ടോക്കിന് വേണ്ടി രംഗത്തിറങ്ങുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത. മൈക്രോസോഫ്റ്റിനൊപ്പം ചേര്‍ന്ന് ഈ വിഷയത്തില്‍ വാള്‍മാര്‍ട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ടിക് ടോക്കിന്റെ ഇ കൊമേഴ്സ്, പരസ്യ സമന്വയത്തെ ഏറെ പ്രശംസിച്ചുകൊണ്ടാണ് വാള്‍മാര്‍ട്ട് രംഗത്ത് വന്നിരിക്കുന്നത്. മൈക്രോസോഫ്റ്റും ബൈറ്റ് ഡാന്‍സും വാള്‍മാര്‍ട്ടും ചേര്‍ന്നുള്ള പങ്കാളിത്തം വഴി ആ സമന്വയം അമേരിക്കയിലേക്കും കൊണ്ടുവരാനാകും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഈ ഡീല്‍ വിജയിച്ചാല്‍ വാള്‍മാര്‍ട്ടിന് തങ്ങളുടെ ഓണ്‍ലൈന്‍ വിപണിയും പരസ്യ ബിസിനസ്സും കൂടുതല്‍ മെച്ചപ്പെടുത്താനാകും എന്നാണ് പ്രതീക്ഷ. വാള്‍മാര്‍ട്ടിന്റേയും മൈക്രോസോഫ്റ്റിന്റേയും പങ്കാളിത്തം വഴി അമേരിക്കയിലെ ടിക് ടോക് ഉപയോക്താക്കളേയും അമേരിക്കന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളേയും തൃപ്തിപ്പെടുത്താന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വാള്‍മാര്‍ട്ട് അധികൃതര്‍ പ്രതികരിച്ചു.