
ഡല്‍ഹി: രാജ്യത്തെ രാഷ്ട്രീയരംഗത്ത് കോളിളക്കം സൃഷ്ടിച്ച് മുന്‍ ധനമന്ത്രി പി. ചിദംബംരം അറസ്റ്റിലായിരിക്കുന്ന വേളയില്‍ ഏറ്റവുമധികം ജനശ്രദ്ധ ഐഎന്‍എക്‌സ മീഡിയാ കേസിന്റെ ചരിത്രത്തിലേക്കാണ്. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടേയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ളതാണ് ഐഎന്‍എക്‌സ് മീഡിയ. കമ്പനിയ്ക്ക് 305 കോടി രൂപ വിദേശ ഫണ്ട് ലഭിക്കുന്നതിനായി ധനമന്ത്രിയായിരിക്കേ പി. ചിദംബംരം ഇടപെടല്‍ നടത്തിയെന്നാണ് കേസ്.
ഒന്നാം യുപിഎ സര്‍ക്കാരിന്‍രെ കാലത്താണ് കേസിനാസ്പദമായ സംഭവം. കേസില്‍ 2017 മേയ് 15ന് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ അധികാരം ഉപയോഗിച്ച് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ചിദംബംരം വാങ്ങി നല്‍കിയെന്നും ഇതില്‍ അഞ്ചു കോടി രൂപ മാത്രം വിദേശനിക്ഷേപമായി സ്വീകരിക്കാനാണ് എഫ്‌ഐപിബി അനുമതിയുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
കേസില്‍ ഐഎന്‍എക്‌സ് ഉടമകളായ ഇന്ദ്രാണിക്കും പീറ്ററിനും പുറമെ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇതുസംബന്ധിച്ച ആദായനികുതി നടപടികള്‍ ഒഴിവാക്കാന്‍ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണു കാര്‍ത്തിക്ക് എതിരെയുള്ള ആരോപണം. മകള്‍ ഷീന ബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് ഇന്ദ്രാണി മുഖര്‍ജി.
അറസ്റ്റിലായ സ്ഥിതിക്ക്, മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ പി.ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി കാലഹരണപ്പെടും. ഇനി ജാമ്യത്തിനായി ചിദംബരം പ്രത്യേക സിബിഐ കോടതിയെ സമീപിക്കേണ്ടിവരും. അവിടെ ജാമ്യം നിഷേധിക്കപ്പെട്ടാല്‍ മേല്‍ക്കോടതിയെ ആശ്രയിക്കണം. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവു വന്നതിനു പിന്നാലെ ഒന്നര ദിവസത്തേക്കു മുങ്ങിയ ചിദംബരം എന്തുകൊണ്ട് ബുധനാഴ്ച്ച രാത്രി പാര്‍ട്ടി ആസ്ഥാനത്തു പ്രത്യക്ഷപ്പെടാന്‍ തീരുമാനിച്ചുവെന്നതു വ്യക്തമല്ല.
കേസിന്റെ നാള്‍ വഴികളിങ്ങനെ
2018 ജൂണ്‍ 1: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരത്തെ ജൂലൈ മൂന്നുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നു ഡല്‍ഹി ഹൈക്കോടതി സിബിഐയോടു നിര്‍ദേശിച്ചു. ചിദംബരം സിബിഐയുടെ അന്വേഷണവുമായി സഹകരിക്കണമെന്നും ചോദ്യംചെയ്യലിനു ഹാജരാകണമെന്നും ജസ്റ്റിസ് എ.കെ.പാഠക് വ്യക്തമാക്കി.
2018 ജൂണ്‍ 2: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചോദ്യംചെയ്യലിന് ജൂലൈ ആറിനു ഹാജരാകാന്‍ ചിദംബരത്തോടു സിബിഐ ആവശ്യപ്പെട്ടു.
2018 ഒക്ടോബര്‍ 12: ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. ന്യൂഡല്‍ഹി ജോര്‍ബാഗിലെ ഫ്‌ലാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകള്‍, യുകെയിലെ സോമര്‍സെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാര്‍സിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം(പിഎംഎല്‍എ) അനുസരിച്ചാണു നടപടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍.
2018 ഡിസംബര്‍ : ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസില്‍ ഇതാദ്യമായിട്ടായിരുന്നു ചിദംബരത്തെ ചോദ്യം ചെയ്യുന്നത്.
2019 ജനുവരി 26: ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന ആവശ്യവുമായി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ഡല്‍ഹി ഹൈക്കോടതിയില്‍. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു ഇത്.
2019 ഫെബ്രുവരി 4: ചിംദബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്കു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. നേരത്തെ, എയര്‍സെല്‍മാക്‌സിസ് കേസിലും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് നിയമമന്ത്രാലയം അനുമതി നല്‍കിയിരുന്നു. രണ്ടു വിഷയങ്ങളിലും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസുമുണ്ട്.
2019 ഫെബ്രുവരി 9: ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യംചെയ്തു. ഇഡി ഓഫിസിലായിരുന്നു ചോദ്യംചെയ്യല്‍.
2019 മാര്‍ച്ച് 12: ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. രേഖകള്‍ പരിഗണിച്ച ശേഷം ജസ്റ്റിസ് സുനില്‍ ഗൗര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി.
2019 ജൂലൈ 5: മകള്‍ ഷീന ബോറ കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയെ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചു. കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട കേസിലാണ് വിധി. ജൂലൈ 11ന് ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇന്ദ്രാണിക്ക് വാറന്റ് നല്‍കി.
2019 ഓഗസ്റ്റ് 20:ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി.
2019 ഓഗസ്റ്റ് 21:എഐസിസി ആസ്ഥാനത്ത് രാത്രി ചിദംബരത്തിന്റെ വാര്‍ത്താ സമ്മേളനം. ഇതിനു പിന്നാലെ വീട്ടിലേക്കു മതില്‍ ചാടിക്കടന്നു കയറി ചിദംബരത്തെ സിബിഐ, ഇഡി സംഘം അറസ്റ്റ് ചെയ്തു.