
ന്യൂഡല്‍ഹി: സംസ്ഥാന സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാകും പ്രവര്‍ത്തിക്കുക.സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നിയമഭേദഗദി കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ സഹകരണ ബാങ്കുകളിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യക്ക് സാധ്യമാകും. കഴിഞ്ഞവര്‍ഷം പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്ക് തകര്‍ച്ചയിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന് മുന്‍പില്‍ നിയന്ത്രണ വിധേയമാക്കികൊണ്ടുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടുള്ളത്.
സഹകരണ ബാങ്കുകളെ റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ സാധിച്ചത് തന്നെ കേന്ദ്രസര്‍ക്കാര്‍ അഭിമാന നേട്ടമായിട്ടാണ് ഇപ്പോള്‍ കാണുന്നത്. ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഇപ്പോള്‍ ഇതോടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ സഹകരണ ബാങ്കുകളില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, ഏകദേശം 240 കോടി രൂപയോളം വരുന്ന വായ്പാ തട്ടിപ്പുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം രാജ്യത്ത് 1540 സഹകരണ ബാങ്കുകളിലായി 8.6 കോടി വരുന്ന നിക്ഷേപകര്‍ക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രസര്‍ക്കാര്‍ വരുത്തിയ നിയമ ഭേഗതി മൂലം രജ്യത്തെ 1540 സഹകരണ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണത്തിലാകും പ്രവര്‍ത്തിക്കും. ഈ ബാങ്കുകളെല്ലാം ഇനി ആര്‍ബിഐ ചട്ടക്കൂടുകള്‍ക്ക് വിധേയമായിരിക്കും പ്രവര്‍ത്തിക്കുക.