
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 34240 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ രാവിലെ പവന് 34320 രൂപയായി കുറഞ്ഞിരുന്ന സ്വര്‍ണ വില, ഉച്ചയ്ക്ക് ശേഷം 34520 രൂപയായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ രണ്ടിന് സ്വര്‍ണത്തിന്റെ സര്‍വ്വകാല റെക്കോര്‍ഡ് വിലയായ പവന് 35040 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു.
ആഗോള വിപണിയിലെ മുന്നേറ്റത്തിനൊപ്പം ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ്ണ വില ഇന്ന് ഉയര്‍ന്നു. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 10 ഗ്രാമിന് 0.25 ശതമാനം ഉയര്‍ന്ന് 46,124 രൂപയിലെത്തി. വെള്ളി നിരക്ക് കിലോയ്ക്ക് 48,452 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വെള്ളി വില കിലോഗ്രാമിന് രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞിരുന്നു. ഇന്ത്യയിലെ സ്വര്‍ണ വിലയില്‍ 12.5% ഇറക്കുമതി തീരുവയും 3% ജിഎസ്ടിയും ഉള്‍പ്പെടും. ഇന്ത്യ സ്വര്‍ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.
ആഗോള വിപണികളില്‍ സ്വര്‍ണ വില ഉയര്‍ന്നെങ്കിലും ഒരാഴ്ചയ്ക്കിടെ ഏറ്റവും താഴ്ന്ന നിലയിലും എത്തിയിരുന്നു. സ്പോട്ട് സ്വര്‍ണം ഔണ്‍സിന് 0.4 ശതമാനം ഉയര്‍ന്ന് 1,703.67 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളില്‍ പ്ലാറ്റിനം 0.7 ശതമാനം ഉയര്‍ന്ന് 831.58 ഡോളറിലെത്തി. വെള്ളി 0.4 ശതമാനം ഇടിഞ്ഞ് 17.59 ഡോളറിലെത്തി.