
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകള്‍ ഉടന്‍ തന്നെ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒരു വര്‍ഷത്തിനുള്ളില്‍ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് നടപ്പിലാക്കുമെന്നും അദ്ദേഹം ലോക്‌സഭയില്‍ ഇറിയിച്ചു. 93 ശതമാനം വാഹനങ്ങളും ഫാസ് ടാഗ് ഉപയോഗിച്ചാണ് ഇപ്പോള്‍ ടോള്‍ നല്‍കുന്നത്. എന്നിരുന്നാലും, ബാക്കി 7 ശതമാനം വാഹനങ്ങള്‍ ഇപ്പോഴും ഇരട്ടി ടോള്‍ നല്‍കിയാണ് യാത്ര ചെയ്യുന്നതെന്നും നിതിന്‍ ഗഡ്ഗരി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ഫിസിക്കല്‍ ടോള്‍ ബൂത്തുകളും ഒരു വര്‍ഷത്തിനുള്ളില്‍ നീക്കംചെയ്യും. ടോള്‍ പിരിവ് ജിപിഎസ് വഴി നടപ്പാക്കാനാണ് ലക്ഷ്യം. ജിപിഎസ് ഇമേജിംഗ് (വാഹനങ്ങളില്‍) അടിസ്ഥാനമാക്കിയാകും ദേശീയപാതകളിലെ ടോള്‍ ശേഖരിക്കുക.കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാത്ത വാഹനങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങള്‍ക്ക് സൗജന്യമായി ഫാസ്ടാഗുകള്‍ നല്‍കുമെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.
ടോള്‍ പ്ലാസയില്‍ നേരിട്ടുള്ള പണമിപാട് നല്കാതെ അക്കൗണ്ട് വഴി ഓട്ടോമാറ്റിക്കായി പണം നല്കുന്ന സംവിധാനമാണ് ഫാസ് ടാഗ്. രാജ്യത്തെ എല്ലാ ടോള്‍ പാതകളിലും ടോള്‍ പിരിവിന് ഉപയോഗിക്കുവാന്‍ സാധിക്കുന്ന ഏകീകൃത സംവിധാനമാണിത്. 2016ലാണ് ഫാസ്ടാഗ് സംവിധാനം ആരംഭിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ ഫാസ്ടാഗ് രാജ്യത്ത് നിര്‍ബന്ധമാക്കിയിരുന്നു.സമയലാഭം, ഇന്ധന ലാഭം തുടങ്ങിയവ ഫാസ്ടാഗ് ഉപയോഗം വഴി ഉറപ്പു വരുത്താം. ടോള്‍ നല്കുന്നതിനായള്‌ല ക്യൂ പരമാവധി ഒഴിവാക്കുവാന്‍ ഇതുവഴി സാധിക്കും.