
ന്യൂഡൽഹി: രാജ്യത്തൊട്ടാകെയുള്ള ടോള്‍ പ്ലാസകളില്‍ താല്‍ക്കാലികമായി ടോള്‍ പിരിവ് നിര്‍ത്തി വെച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ബുധനാഴ്ച രാത്രി ഒരു ട്വീറ്റിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് -19 കണക്കിലെടുത്ത്, ഇന്ത്യയിലുടനീളമുള്ള എല്ലാ ടോൾ പ്ലാസയിലും ടോൾ ശേഖരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഇത് അസൗകര്യം കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത് അടിയന്തിര സേവനങ്ങളുടെ വിതരണത്തിന് വേണ്ടി നിർണായക സമയം ലാഭിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കൊറോണ വൈറസ് പകർച്ചാവ്യാധിയുടെ സാഹചര്യത്തിൽ അടിയന്തിര സേവനങ്ങൾ സുഗമമായി നടക്കുന്നതിനായി ദേശീയപാതകളിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ ബുധനാഴ്ച ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയോട് (എൻഎഎഐഐ) ആവശ്യപ്പെട്ടിരുന്നു. രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 25 മുതൽ 21 ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാലാണ് ഈ നിർദേശവും തുടർന്നുള്ള തീരുമാനമാനവും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ഗതാഗത തിരക്ക് കുറഞ്ഞാല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കണമെന്നും ഹൈവേ അതോറിറ്റി ഗതാഗത മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ 70 ശതമാനം ടോള്‍ പിരിവും നടത്തിയിരുന്നത് ഫാസ്റ്റ് ടാഗ് വഴിയായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയിലെ കണക്കുപ്രകാരം ഇത് 50 ശതമാനമായി കുറഞ്ഞിരുന്നു. മൊത്തം ടോള്‍ പിരിവിലും 50 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. സംസ്ഥാനം അടിച്ചിട്ടിട്ടും തൃശ്ശൂര്‍ പാലിയേക്കര ടോള്‍ കേന്ദ്രത്തിൽ ടോള്‍ പിരിവ് തുടര്‍ന്നതിനെതുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കുണ്ടായിരുന്നു. അന്ന് തന്നെ കളക്ടര്‍ ഇടപെട്ട് താല്‍ക്കാലികമായി പരിവ് നിര്‍ത്തിവെയ്ക്കുകയും ചെയ്തു.