ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് ഭരണം തിരിച്ച് പിടിക്കാന്‍ മോഡി സര്‍ക്കാറിനാവുമോ? ബജറ്റില്‍ ബാങ്കിങ് മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും മുന്‍ഗണന പ്രതീക്ഷിക്കാം

January 31, 2019 |
|
News

                  ജനപ്രിയ ബജറ്റ് അവതരിപ്പിച്ച് ഭരണം തിരിച്ച് പിടിക്കാന്‍ മോഡി സര്‍ക്കാറിനാവുമോ? ബജറ്റില്‍ ബാങ്കിങ് മേഖലയ്ക്കും കാര്‍ഷിക മേഖലയ്ക്കും മുന്‍ഗണന പ്രതീക്ഷിക്കാം

കേരളബജറ്റിനു തൊട്ടു പിന്നാലെ ജനങ്ങള്‍ കാതോര്‍ത്തിരിക്കുന്നത് നാളത്തെ കേന്ദ്രബജറ്റിനു വേണ്ടിയാണ്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള ബജറ്റ് ആയതിനാല്‍ അധികാരം നിലനിര്‍ത്താന്‍ സമ്പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനകീയ ബജറ്റ് അവതരിപ്പിച്ച് ഭരണം തിരിച്ച് പിടിക്കാന്‍ മോഡി സര്‍ക്കാറിനാവുമോ എന്നതും ചോദ്യചിഹ്നമാണ്. നോട്ട്‌നിരോധനവും ജിഎസ്ടിയും സാമ്പത്തികമേഖലയെ പിടിച്ചുലച്ചത് വലിയ രീതിയില്‍ തന്നെ ആയിരുന്നു. അത് കൊണ്ട് തന്നെ ഈ രണ്ട് വിഷയങ്ങളാണ് മോദിസര്‍ക്കാറിനെതിരെ പ്രതിപക്ഷം നിരത്തുന്നത്. അതില്‍ നിന്ന് കരകയറാനുള്ള പല പ്രഖ്യാപനങ്ങളിലൂടെയും ആയിരിക്കും നാളത്തെ ബജറ്റ് കടന്ന് പോവുക. 

ഇന്ത്യയുടെ വാര്‍ഷിക ബജറ്റാണ് കേന്ദ്ര ബജറ്റ്. 2016 വരെ എല്ലാവര്‍ഷവും ഫെബ്രുവരിയിലെ അവസാനത്തെ പ്രവൃത്തിദിവസമാണ് കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ 2017 മുതല്‍ ഫെബ്രുവരിയിലെ ആദ്യ ദിനം(ഫെബ്രുവരി 1)ആണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഏപ്രില്‍ ഒന്നിന് കേന്ദ്ര ബജറ്റ് നടപ്പില്‍ വരുന്നു. അതിനു മുമ്പായി ബജറ്റ് പാര്‍ലമെണ്ടിന്റെ ഇരുസഭകളിലും വോട്ടെടുപ്പോടെ പാസ്സാക്കേണ്ടതുണ്ട്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിക്കുന്നത്.

കേന്ദ്ര ബജറ്റില്‍ പ്രധാനമാണ് ബാങ്കിങ്‌മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നത്. അത് കൊണ്ട് തന്നെ ബാങ്കിങ് മേഖലയ്ക്കും പ്രതീക്ഷകള്‍ക്ക് വകവെയ്ക്കാം. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനും, ചെറുകിടവായ്പകള്‍ ഈടില്ലാതെ ഉദാരമാക്കുന്ന പ്രഖ്യാപനങ്ങളും ഇടംപിടിച്ചേക്കാം. കേന്ദ്രബജറ്റിലെ ചെറിയ ആശ്വാസ നടപടികള്‍ പോലും ബാങ്കിങ് മേഖലയെ നല്ല രീതിയില്‍ ബാധിക്കും. പൊതുമേഖലയിലെ പല ബാങ്കുകളും കിട്ടാകടം മൂലമുള്ള പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന 2.11 ലക്ഷം കോടി രൂപ മൂലധന പിന്തുണയ്ക്ക് പുറമേ സ്വന്തം നിലയില്‍ 58,000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അതു നടന്നില്ല. ഈ സാഹചര്യത്തില്‍ ഇനി കൂടിയ അളവിലുള്ള പുനര്‍മൂലധനവല്‍ക്കരണമാണ് ബാങ്കുകള്‍ക്ക് ആവശ്യം. ബാങ്ക് ഒഫ് ബറോഡ, വിജയ ബാങ്ക് , ദേന ബാങ്ക് തുടങ്ങിയ മൂന്ന് പൊതുമേഖല ബാങ്കുകളുടെ ലയനത്തിന് ശേഷം കൂടുതല്‍ ലയനങ്ങള്‍ ആവശ്യമാണ്. കൂടാതെ ഗ്രാമീണ മേഖലകളില്‍ എടിഎമ്മുകള്‍ സ്ഥാപിക്കാനുള്ള സബ്‌സിഡി തുടങ്ങി നിരവധി കാര്യങ്ങള്‍ ബാങ്കിങ് വ്യവസായത്തിന്റെ പ്രതീക്ഷകളില്‍ ഉള്ളതാണ്. 

കര്‍ഷകര്‍ക്കുള്ള കൂടുതല്‍ പാക്കേജുകള്‍, ഗ്രാമീണമേഖലയ്ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ള നയങ്ങള്‍, എന്നിവയെല്ലാം ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബജറ്റ് ആയത്‌കൊണ്ട് പ്രതിപക്ഷത്തിന്റെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാനാകും മോദി സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാനുള്ള വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായേക്കും. കര്‍ഷകര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും ഉള്ള പ്രഖ്യാപനങ്ങള്‍, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള പുതിയ വ്യവസ്ഥകള്‍, സാധാരണക്കാരെ ആകര്‍ഷിക്കാന്‍ ആദായനികുതി പരിധിയിലെ വര്‍ദ്ധന തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.

കേന്ദ്രബജറ്റില്‍  നികുതിദായകര്‍ക്ക് ഇളവുണ്ടാകുമോ എന്നതും ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്. ആദായനികുതി വരുമാനപരിധി ഉയര്‍ത്തുമെന്നും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്നുമാണ് പറയുന്നത്.  2014 ലാണ് ആദായനികുതി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വരുമാനപരിധി 2 ലക്ഷം രൂപയില്‍നിന്നു 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയത്.  ബജറ്റ് ചര്‍ച്ചകളുടെ തുടക്കത്തില്‍ തന്നെ ഇത് 3 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നായിരുന്നു ഉയര്‍ന്നുവന്ന നിര്‍ദേശം.  അരലക്ഷം രൂപയുടെ വര്‍ധന വരുത്തുമ്പോള്‍ സര്‍ക്കാരിനു നഷ്ടം വരുന്നത്  3,750 കോടി രൂപയായിരിക്കും. അത് മാത്രമല്ല, കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ പരിധി 3.5 ലക്ഷം രൂപയായി ഉയര്‍ത്തേണ്ടിയും വരും.  കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 49% മാണ് കേന്ദ്രസര്‍ക്കാരിന്റ കിട്ടാക്കടം വര്‍ധിച്ചു വന്നത്. അതുകൊണ്ടു തന്നെ ധനമന്ത്രി ഈ പരിധി ഉയര്‍ത്തുമോ എന്നതും സംശയകരമാണ്. 

എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നവും അധികാരികള്‍ തന്ന വാക്കില്‍ ഒന്നായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2022ന് അകം ഒരു കോടി വീടുകള്‍ നിര്‍മിക്കാനാണു ലക്ഷ്യമിടുന്നത്. അത് കൊണ്ട് തന്നെ ഭവന മേഖലയ്ക്ക് ബജറ്റില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കാം. എന്തായാലും നാളത്തെ കേന്ദ്രബജറ്റില്‍ ബാങ്കിങ് മേഖലയും, കാര്‍ഷിക മേഖലയുമെല്ലാം  മുന്‍ഗണനയിലുണ്ടാകുമെന്നത് ഉറപ്പാക്കാം. 

 

 

 

Related Articles

© 2025 Financial Views. All Rights Reserved