
ഏറ്റവും വിപണി മൂല്യമുള്ള 10 ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടിക അവതരിപ്പിച്ച് ബ്രാന്‍ഡ്സി (BrandZ) പഠനം. ഈ വര്‍ഷം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് ചില്ലറ വ്യാപാര ബ്രാന്‍ഡുകളും ടെലികോം കമ്പനികളുമാണ് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പ് തുടരുന്നത്. ഇതേസമയം, ഏറ്റവും വിപണി മൂല്യമുള്ള ഇന്ത്യന്‍ ബ്രാന്‍ഡ് എച്ച്ഡിഎഫ്സി ബാങ്കാണെന്ന് ബ്രാന്‍ഡ്സി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. എച്ച്എഡിഎഫ്സി ബാങ്കിന്റെ മൊത്തം വിപണി മൂല്യമാകട്ടെ 20.3 ബില്യണ്‍ ഡോളറും. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനാണ് പട്ടികയില്‍ രണ്ടാമത്. എല്‍ഐസിയുടെ വിപണി മൂല്യം 18.2 മില്യണ്‍ ഡോളര്‍.
വിപണി മൂല്യം കൂടിയ 75 തദ്ദേശീയ ബ്രാന്‍ഡുകളുടെ പട്ടികയാണ് ബ്രാന്‍ഡ്സി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കമ്പനികളുടെ മൊത്തം മൂല്യം 216 ബില്യണ്‍ ഡോളറില്‍ വന്നുനില്‍ക്കും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം ഇടിവ് ബ്രാന്‍ഡുകളുടെ വിപണി മൂല്യത്തില്‍ സംഭവിച്ചിട്ടുണ്ട്. ബാങ്കിങ്, ഓട്ടോമൊബീല്‍ മേഖലകളിലെ തകര്‍ച്ചയാണ് വീഴ്ച്ചയ്ക്കുള്ള പ്രധാന കാരണം. ഇതേസമയം, 75 -ല്‍ 26 ബ്രാന്‍ഡുകള്‍ നിലമെച്ചപ്പെടുത്തിയെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. പട്ടികയില്‍ 5 കമ്പനികള്‍ പുതുതായും കടന്നുകൂടി.
വിപണി മൂല്യമുള്ള ആദ്യ പത്ത് ഇന്ത്യന്‍ ബ്രാന്‍ഡുകളില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനെ മൂന്നാമത് കാണാം. 14.5 ബില്യണ്‍ ഡോളറാണ് ടിസിഎസിന്റെ മൊത്തം വിപണി മൂല്യം. 13.9 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി എയര്‍ടെല്ലാണ് നാലാമത്. ടെലികോം മേഖലയിലെ ചിത്രം പരിശോധിച്ചാല്‍ ജിയോയുടെ വിപണി മൂല്യം 26 ശതമാനം വര്‍ധിച്ചു. ബിഎസ്എന്‍എല്ലും നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. പെയിന്റ് വ്യവസായം പ്രതിസന്ധി നേരിടുകയാണെങ്കിലും ഏറ്റവും വിപണി മൂല്യമുള്ള അഞ്ചാമത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് ഏഷ്യന്‍ പെയിന്റ്സാണ്. വിപണി മൂല്യം 14 ശതമാനം വര്‍ധിച്ച് 8 ബില്യണ്‍ ഡോളറില്‍ കമ്പനി എത്തിനില്‍ക്കുകയാണ്. കൊഡാക്ക് മഹീന്ദ്ര ബാങ്കാണ് ആറാമത്. വിപണി മൂല്യം 7.2 ബില്യണ്‍ ഡോളര്‍.
6.9 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി റിലയന്‍സ് ജിയോ പട്ടികയില്‍ ഏഴാമതുണ്ട്. ഓണ്‍ലൈന്‍ റീടെയില്‍ ബ്രാന്‍ഡായ ഫ്ളിപ്പ്കാര്‍ട്ടാണ് എട്ടാം സ്ഥാനത്ത്. കമ്പനിയുടെ വിപണി മൂല്യമാകട്ടെ 6.5 ബില്യണ്‍ ഡോളറും. ഒന്‍പതാം സ്ഥാനത്ത് രാജ്യത്തെ ഏറ്റവും വലിയ പെയ്മെന്റ് ആപ്പായ പേടിഎമ്മാണ്. 6.2 ബില്യണ്‍ ഡോളറാണ് പേടിഎമ്മിന്റെ മൊത്തം വിപണി മൂല്യം. പത്താം സ്ഥാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കയ്യടക്കുന്നു. വിപണി മൂല്യം 5.3 ബില്യണ്‍ ഡോളര്‍.