
ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് വര്‍ധിച്ചതോടെ പ്രാരംഭ ഓഹരി വില്പനയുമായി കമ്പനികള്‍ കൂട്ടമായെത്തുന്നു. എട്ട് കമ്പനികളാണ് ആറ് ദിവസത്തിനുള്ളില്‍ ഐപിഒയുമായെത്തിയത്. ഈ രീതി തുടര്‍ന്നാല്‍ ഈ വര്‍ഷം വിപണിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുക. ഓഗസ്റ്റ് 10 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 58 കമ്പനികള്‍ ഐപിഒയുമായെത്തി.
2006ല്‍ 160 കമ്പനികളാണ് ഐപിഒയുമായെത്തിയത്. 2007ല്‍ 121ഉം 2010ല്‍ 118ഉം കമ്പനികള്‍ വിപണിയിലെത്തി. തുടര്‍ന്നങ്ങോട്ട് ശരാശരി 50ല്‍താഴെ കമ്പനികളാണ് ലിസ്റ്റ്ചെയ്തത്. 2019ല്‍ 27ഉം 2020ല്‍ 23ഉം ആയിരുന്നു കമ്പനികളുടെ എണ്ണം. 2021 കലണ്ടര്‍ വര്‍ഷത്തില്‍ മൊത്തം ഐപിഒകള്‍ 100 കവിയുമെന്നാണ് വ്യവസായ ലോകത്തെ വിലയിരുത്തല്‍.
2020ല്‍ 15 ശതമാനവും 2021ല്‍ ഇതുവരെ 16 ശതമാനവുമാണ് നിഫ്റ്റി ഉയര്‍ന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യാഥാക്രമം 32ശതമാനവും 42ശതമാനവും ഈവര്‍ഷം നേട്ടമുണ്ടാക്കി. അനുകൂല സാഹചര്യംകണക്കിലെടുത്താണ് മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗത്തില്‍ കമ്പനികള്‍ ഐപിഒയുമായെത്തുന്നത്.