
ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ രാജ്യത്തെ മൂന്ന് ഐടി കമ്പനികള്‍ പുതുതായി നിയമിച്ചത് 40887 പേരെ. അടുത്ത സാമ്പത്തിക പാദങ്ങളിലും നിയമനങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. ടിസിഎസില്‍ മാത്രം 20000 പേര്‍ പുതുതായി ജോലിക്ക് ചേര്‍ന്നു. ഇന്‍ഫോസിസില്‍ 8000 പേരും വിപ്രോയില്‍ 12000 പേരും ചേര്‍ന്നു. പ്രൊജക്ടുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് കൂടുതല്‍ നിയമനം നടത്താന്‍ കമ്പനികളെ പ്രേരിപ്പിച്ചത്.
കമ്പനികളെല്ലാം ബില്യണ്‍ ഡോളര്‍ മൂല്യമുള്ള പുതിയ കരാറുകളില്‍ ഒപ്പുവെയ്ക്കുകയാണ്. ടിസിഎസ് 40000 ഫ്രഷേര്‍സിനും ഇന്‍ഫോസിസ് 35000 ഫ്രഷേര്‍സിനും വിപ്രോ 12000 ഫ്രഷേര്‍സിനും അവസരം കൊടുക്കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐടി സെക്ടറില്‍ തൊഴിലവസരങ്ങളുടെ പൂക്കാലമാണ് വരാനിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.