
രാജ്യത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡീസിന്റെ നാല് ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാനൊരുങ്ങി ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്. എന്നാല്‍ എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് ഫാര്‍മ കമ്പനി വ്യക്തമാക്കിയിട്ടില്ല. സ്റ്റിപ്‌ടോവിറ്റ്-ഇ, ഫിനാസ്റ്റ്, ഫിനാന്‍സ്, ഡിനാപ്രസ് എന്നീ കമ്പനികളെയാണ് ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡോ. റെഡ്ഡീസില്‍ നിന്ന് ഏറ്റെടുക്കുന്നത്.
ഗൈനക്കോളജി ഉല്‍പ്പന്നമാണ് സ്റ്റിപ്‌ടോവിറ്റ്-ഇ. കണക്കുകള്‍ പ്രകാരം 500 കോടിയാണ് ഇതിന്റെ മാര്‍ക്കറ്റ് വലുപ്പം. ഈ ബ്രാന്‍ഡിനെ സ്വന്തമാക്കുന്നതോടെ ഈ രംഗത്തെ ടോറന്റിന്റെ സാന്നിധ്യം ശക്തമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ (ബിപിഎച്ച്) ചികിത്സയില്‍ ഉപയോഗിക്കുന്ന ഫിനാസ്റ്റ്, ഫിനാന്‍സ്, ഡിനാപ്രസ് എന്നിവ ഏറ്റെടുക്കുന്നത് യൂറോളജി തെറാപ്പിയില്‍ ടോറന്റിന്റെ സാന്നിധ്യത്തെ സഹായിക്കും.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, ടോറന്റ് ഫാര്‍മ നിര്‍മാണവും വിപണനവും ഏറ്റെടുക്കും. ഈ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ വിതരണവും ഏറ്റെടുക്കുമെന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റെടുക്കല്‍ ജൂണ്‍ രണ്ടിന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 കോടി രൂപയിലധികം വരുമാനമുള്ള ടോറന്റ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് ടോറന്റ് ഫാര്‍മ. 8,500 കോടി രൂപ വരുമാനമുള്ള ടോറന്റ് ഫാര്‍മ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് വിപണിയില്‍ എട്ടാം സ്ഥാനത്താണ്.