
കൊച്ചി: കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിന് ഇടയിലും മഴക്കാലം തുടങ്ങിയതോടെ സൗഖ്യ ടൂറിസം രംഗം ഉണരുന്നു. ആയുര്‍വേദ സൗഖ്യ (വെല്‍നെസ്) ചികിത്സകള്‍ക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നു സഞ്ചാരികള്‍ വരാന്‍ തയാറാണ്. യൂറോപ്യന്‍ വിനോദ സഞ്ചാരികളും മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ കോര്‍പറേറ്റ് രംഗത്തു നിന്നുള്ളവരും തമിഴ്, ഹിന്ദി സിനിമാ താരങ്ങളും 'ഹെല്‍ത്തി ഹോളിഡേ'യ്ക്കു വരാന്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.
എന്നാല്‍ 2 പ്രശ്‌നങ്ങളാണ് ഈ രംഗത്തെ അലട്ടുന്നത്. 1. സൗഖ്യ ചികിത്സയില്‍ തിരുമല്‍ ആവശ്യമായതിനാല്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. 2. വരുന്ന അതിഥികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് എന്ന് ഉറപ്പാക്കുകയും വേണം.
തെറപ്പിസ്റ്റുകളെ പുറത്തുവിടാതെ ക്വാറന്റീന്‍ പോലെ റിസോര്‍ട്ടില്‍ തന്നെ താമസിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകളുള്ള പ്രോട്ടോക്കോള്‍ (എസ്ഒപി) തയാറാക്കി ആയുര്‍വേദ ടൂറിസം പ്രമോഷന്‍ സൊസൈറ്റി അംഗീകാരത്തിനായി ടൂറിസം വകുപ്പിനു സമര്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് ഇതു കൈമാറിയെന്നും മറുപടി കിട്ടിയാലുടന്‍ സൗഖ്യ ചികിത്സ സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിക്കുമെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു.