
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട 2021 നവംബറിലും വാഹന നിര്‍മാണം വെട്ടിക്കുറക്കുമെന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ആഗോള വാഹന ഉല്‍പ്പാദനത്തില്‍ 15 ശതമാനത്തിന്റെ കുറവായിരിക്കും നവംബര്‍ മാസത്തില്‍ കമ്പനി വരുത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിപ്പുകളുടെയും മറ്റ് പാര്‍ട്‌സുകളുടെയും ക്ഷാമം മൂലമാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021 സെപ്റ്റംബറില്‍ ടൊയോട്ട ഉത്പ്പാദനം മൂന്ന് ശതമാനം കുറച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനവും. അതേസമയം 12 മാസത്തേക്ക് ഒമ്പത് ദശലക്ഷം വാഹനങ്ങളെന്ന വാര്‍ഷിക ഉത്പ്പാദന ലക്ഷ്യം മാറ്റമില്ലാതെ തുടരുമെന്നും ടൊയോട്ട അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കമ്പനിക്ക് ഇപ്പോഴും ചില വാഹന ഭാഗങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും അതിനാല്‍ മുമ്പത്തെ ഉല്‍പാദന കുറവുകള്‍ നികത്താനാകില്ലെന്നും ടൊയോട്ട അറിയിച്ചു. പുതിയ ക്രമീകരണം ജപ്പാനില്‍ ഏകദേശം 50,000 യൂനിറ്റുകളെയും വിദേശത്ത് 50,000 മുതല്‍ 100,000 യൂനിറ്റുകളെയും ബാധിക്കും.
അടുത്ത മാസം ഒരു ദശലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ടൊയോട്ട ആദ്യം ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ഇപ്പോഴത് ഏകദേശം 8,50,000 മുതല്‍ 9,00,000 യൂനിറ്റുകള്‍ വരെയായി കുറയ്ക്കുകയായിരുന്നു. സെപ്റ്റംബറില്‍, തെക്കുകിഴക്കന്‍ ഏഷ്യയിലെ കോവിഡ് -19 കേസുകളുടെ വര്‍ധനവ് കാരണം അര്‍ധചാലക നിര്‍മാണം മന്ദഗതിയിലായിരുന്നു. തുടര്‍ന്നാണ് ടൊയോട്ട അവരുടെ ഉത്പ്പാദന ശേഷി മൂന്നുശതമാനം കുറച്ചത്.
കഴിഞ്ഞ മാസം ചൈനയിലുണ്ടായ വൈദ്യുതി ക്ഷാമം ഉത്പ്പാദനത്തെ ബാധിച്ചതായും സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ ഭാവി എന്താണെന്ന് വ്യക്തമല്ലെന്നും ടൊയോട്ട പറയുന്നു. കുറവുകളുണ്ടെങ്കിലും വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും സ്വന്തം പ്ലാന്റുകളിലും വിതരണക്കാരിലും കോവിഡ് പ്രതിരോധ നടപടികള്‍ നടപ്പിലാക്കുമെന്നും ടൊയോട്ട അറിയിച്ചു.