
ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം കൂടുതല്‍ വികസിപ്പിക്കില്ലെന്ന് വ്യക്തമാക്കി. കൊറോണ വൈറസ് വരുത്തിയ ആഴത്തിലുള്ള സാമ്പത്തിക അസ്വാസ്ഥ്യങ്ങള്‍ പരിഹരിക്കുന്നതിന് ആഗോള കമ്പനികളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണിത്.
കാറുകള്‍ക്കും മോട്ടോര്‍ ബൈക്കുകള്‍ക്കും നികുതി വളരെ ഉയര്‍ന്നതാണെന്നും ഉയര്‍ന്ന ലെവികള്‍ നിരവധി ഉപഭോക്താക്കളെ സ്വന്തമായി ഒരു കാര്‍ എന്നതില്‍ നിന്ന് അകറ്റുന്നുവെന്നും ടൊയോട്ടയുടെ പ്രാദേശിക യൂണിറ്റ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് ചെയര്‍മാന്‍ ശേഖര്‍ വിശ്വനാഥന്‍ പറഞ്ഞു. ഫാക്ടറികള്‍ നിഷ്‌ക്രിയമാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളിലൊരാളായ ടൊയോട്ട 1997 ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിന്റെ പ്രാദേശിക യൂണിറ്റ് ജാപ്പനീസ് കമ്പനിയുടെ 89% ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയില്‍, കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടോര്‍ വാഹനങ്ങള്‍ 28% വരെ ഉയര്‍ന്ന നികുതി ഈടാക്കുന്നു. അതിനുമുകളില്‍ ഒരു കാറിന്റെ തരം, നീളം അല്ലെങ്കില്‍ എഞ്ചിന്‍ വലുപ്പം അടിസ്ഥാനമാക്കി 1% മുതല്‍ 22% വരെ അധിക ലെവികള്‍ ഉണ്ടാകാം. 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള നാല് മീറ്റര്‍ നീളമുള്ള എസ്യുവിയുടെ നികുതി 50% വരെ ഉയര്‍ന്നതാണ്. ആഢംബര ചരക്കുകളായി കണക്കാക്കപ്പെടുന്നവയ്ക്കാണ് അധിക ലെവികള്‍ ചുമത്തുന്നത്.
ഉല്‍പ്പാദനം ആരംഭിക്കുന്നതിന് വിദേശ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിനായി 23 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യ ഒരുങ്ങുമ്പോഴാണ് വാഹന നിര്‍മാതാക്കള്‍ വിപണി വിപുലീകരിക്കാന്‍ പാടുപെടുന്നത്. ജനറല്‍ മോട്ടോഴ്സ് കമ്പനി 2017 ല്‍ രാജ്യം വിട്ടപ്പോള്‍, ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിലെ ഭൂരിഭാഗം സ്വത്തുക്കളും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡുമായി സംയുക്ത സംരംഭത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ വര്‍ഷം സമ്മതിച്ചിരുന്നു. 2020 ഓടെ തങ്ങളുടെ മികച്ച മൂന്ന് വിപണികളില്‍ ഒന്നാകണമെന്ന് ഫോര്‍ഡ് ഒരിക്കല്‍ പറഞ്ഞിരുന്ന ഒരു രാജ്യത്ത് പക്ഷേ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് കമ്പനി ചെയ്തത്.