ട്രാക്ടര്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം നടത്തി സോണാലിക ഗ്രൂപ്പ്

August 04, 2020 |
|
News

                  ട്രാക്ടര്‍ വില്‍പ്പനയില്‍ വന്‍ മുന്നേറ്റം നടത്തി സോണാലിക ഗ്രൂപ്പ്

ന്യൂഡല്‍ഹി: പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായ സോണാലിക ഗ്രൂപ്പിന് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ജൂലൈ മാസം ട്രാക്ടര്‍ വില്‍പ്പനയില്‍ 72 ശതമാനം മുന്നേറ്റമുണ്ടായി. 2020 ജൂലൈ മാസത്തില്‍ സോണാലികയുടെ ആഭ്യന്തര വില്‍പ്പന 8,219 യൂണിറ്റുകളായി ഉയര്‍ന്നു. മുന്‍ വര്‍ഷം സമാന കാലയളവില്‍ വില്‍പ്പന 4,788 യൂണിറ്റുകളായിരുന്നു. ഹോഷിയാര്‍പൂര്‍ കേന്ദ്രീകരിച്ച് ട്രാക്ടര്‍ നിര്‍മാണം നടത്തുന്ന കമ്പനി കയറ്റുമതി അടക്കം ജൂലൈയില്‍ 10,223 യൂണിറ്റുകള്‍ വിറ്റഴിച്ചു.

കാര്‍ഷികമേഖലയിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിക്കുന്നതാണ് വില്‍പ്പന ഉയരാനിടയാക്കിയത്. ഇത് വ്യവസായത്തിന്റെ ശക്തമായ വീണ്ടെടുക്കല്‍ അടയാളപ്പെടുത്തുന്നു. ട്രാക്ടറുകളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകത, ശക്തമായ റാബി വിളവെടുപ്പ്, നല്ല മണ്‍സൂണിന്റെ പിന്തുണയുള്ള മെച്ചപ്പെട്ട ഖാരിഫ് വിതയ്ക്കല്‍, സര്‍ക്കാര്‍ ചെലവുകള്‍, ആരോഗ്യകരമായ ജലനിരപ്പ് എന്നിവയാണ് വില്‍പ്പന ഉയരാനിടയാക്കിയത്.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കമ്പനിയുടെ ട്രാക്ടര്‍ വില്‍പ്പനയില്‍ 18 ശതമാനം വര്‍ധനയുണ്ടായതായി സോണാലിക ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാമന്‍ മിത്തല്‍ പറഞ്ഞു. 'മെയ് മാസത്തില്‍ ഡെലിവറികളില്‍ (റീട്ടെയില്‍) 25 ശതമാനം വളര്‍ച്ചയും ജൂണില്‍ 55 ശതമാനം (മൊത്ത) ബില്ലിംഗിലും ജൂലൈയില്‍ 72 ശതമാനം (മൊത്തവ്യാപാര) ബില്ലിംഗിലും വളര്‍ച്ചയുണ്ടായി. വരാനിരിക്കുന്ന ഉത്സവ സീസണിലും ഞങ്ങളുടെ വളര്‍ച്ചയുടെ വേഗത തുടരും, ' മിത്തല്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved