
മൊബൈല്‍ ഫോണ്‍ കോളുകള്‍ക്കും ഡാറ്റാ സേവനങ്ങള്‍ക്കും അടിസ്ഥാന നിരക്ക് നിശ്ചയിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സാധ്യതകള്‍ തേടുന്നു. നിലവിലുള്ള സൗജന്യം ഫോണ്‍ വിളികള്‍ ഇതോടെ ഇല്ലാതായേക്കുമെന്നാണ് വിവരം. നിലവില്‍ ഡാറ്റാ സേവനങ്ങള്‍ക്കും,കോളുകള്‍ക്കുമൊന്നും ചുമത്താവുന്ന നിരക്ക് പരിധി നിശ്ചയിച്ചിരുന്നില്ല. ഫോണ്‍ വിളികള്‍ക്കും ഡാറ്റാ സേവനങ്ങള്‍ക്കും അടിസ്ഥാന നിരക്ക് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ടെലികോം കമ്പനികളാണ് ട്രായിയെ സമീപിച്ചിരിക്കുന്നത്. നിരക്കുകള്‍ ഉയര്‍ത്തുന്നതിന് നിയമപരമായ ഇടപെടലാണ് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതരില്‍ നിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് ട്രായ്
മൊബൈല്‍ കോളുകളും സേവനങ്ങളുമൊക്കെ ആളുകളുടെ പോക്കറ്റ് കാലിയാക്കുന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ടെലികോം കമ്പനികള്‍ മൊബൈല്‍ കോളുകള്‍ക്കും ഡാറ്റാസേവനങ്ങള്‍ക്കുമൊക്കെ നാല്‍പത് ശതമാനം നിരക്ക് വര്‍ധനവ് വരുത്തിയത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്. എന്നാല്‍ ഇനിയുമൊരു നിരക്ക് വര്‍ധനവിന് കളമൊരുങ്ങുകയാണ്. കാരണം മൊബൈല്‍ കോളുകള്‍ക്കും ഡാറ്റാ സേവനങ്ങള്‍ക്കും അടിസ്ഥാനനിരക്ക് ഏര്‍പ്പെടുത്താനാണ് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ആലോചന. ഇതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതരുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതായാണ് റിപ്പോര്‍ട്ട്.
അടിസ്ഥാന നിരക്ക് പരിധി നിശ്ചയിച്ചുകഴിഞ്ഞാല്‍ നിലവിലെ ഫ്രീകോളുകളും ഫ്രീ ഡാറ്റകളുമൊക്കെ ഇല്ലാതാകുമെന്നാണ് വിവരം. നിലവില്‍ വന്‍ നിരക്ക് വര്‍ധനവാണ് വോഡഫോണ്‍ ഐഡിയ,ജിയോ,എയര്‍ടെല്‍ കമ്പനികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം കൂടി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ സാധാരണക്കാര്‍ക്ക് ടെലികോം സേവനങ്ങള്‍ അന്യമായേക്കുമെന്നാണ് വിവരം. അതേസമയം നിലവിലെ താരിഫുകകളില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ട്രായ് പറയുന്നു. വീണ്ടും നിരക്ക് വര്‍ധനവ് അനിവാര്യമായാല്‍ ചര്‍ച്ചകള്‍ വേണ്ടിവരും. നിരക്ക് വര്‍ധനവിന് നിയമപരമായ ഇടപെടലാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ഒരു ഉപഭോക്താവില്‍ നിന്ന് കമ്പനികള്‍ക്ക് കിട്ടുന്ന വരുമാനം ശരാശരി 125 രൂപയാണ്. എന്നാല്‍ ഇത് 300 രൂപയായി ഉയര്‍ന്നെങ്കില്‍ മാത്രമേ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാനാകൂ എന്നാണ് ടെലികോം കമ്പനികളുടെ വാദം.