
ന്യൂഡല്‍ഹി: കേബിള്‍ ടിവി സേവനരംഗത്ത് കുത്തക രീതി വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പൊതുജനാഭിപ്രായം തേടുന്നു. വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് 2013ല്‍ സമാനമായ മാര്‍ഗരേഖ തയാറാക്കിയിരുന്നു. എന്നാല്‍ കേബിള്‍ ടിവി രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വന്നതോടെയാണ് പുതിയത് തയാറാക്കുന്നത്. മേഖലയില്‍ ആരോഗ്യകരമായ മത്സരമുണ്ടോ, ഏതെങ്കിലും കമ്പനി ഈ രംഗത്ത് കുത്തകയായി മാറുന്നുണ്ടോ എന്നിങ്ങനെയുള്ള വിഷയങ്ങളാണ് പരിഗണിക്കുന്നത്.
നവംബര്‍ 22 വരെ അഭിപ്രായം സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നിയന്ത്രണം ആവശ്യമാണോയെന്നു പരിശോധിക്കും. ജോയിന്റ് വെഞ്ച്വര്‍ രീതിയില്‍ വലിയ മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍ (എംഎസ്ഒ) കമ്പനികള്‍ ചെറിയ ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാരെ ഏറ്റെടുക്കുന്നത് വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കാരണമാകുന്നുണ്ടോയെന്നും ട്രായ് പരിശോധിക്കുന്നുണ്ട്.