
ഡല്‍ഹി: രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ നല്‍കേണ്ട പ്രോസസിങ് ഫീസ് സംബന്ധിച്ച് പുതിയ തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ചട്ടങ്ങള്‍ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതോടെ പ്രോസസിങ് ഫീസ് 5.74 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് ട്രായ് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം സെപ്റ്റംബര്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ നമ്പര്‍ മാറുന്നതിനുള്ള പെര്‍ പോര്‍ട്ട് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ക്ക് ഭേദഗതി വരുത്തുന്നതിന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ടെലികോം അധികൃതര്‍ നീക്കങ്ങള്‍ നടത്തിയിരുന്നു. നേരത്തെ ഈ തുക നാലു രൂപയാക്കണമെന്നാണ് തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ വരുത്തിയിരിക്കുന്ന ഭേദഗതിയില്‍ മാറ്റമുണ്ടാകുമോ എന്ന് കണ്ട് തന്നെ അറിയണം.
മൊബൈല്‍ നമ്പര്‍ ഒരു ടെലികോം സേവനദാതാവില്‍ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന പ്രക്രിയ ട്രായ് കൂടുതല്‍ എളുപ്പമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സര്‍ക്കാരിന്റെ നീക്കം. അതിനായി യുണീക് പോര്‍ട്ടിങ് കോഡ് നിര്‍മിക്കല്‍ പ്രക്രിയയില്‍ പുതിയ മാറ്റങ്ങളുമായി മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിയമത്തിന്റെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഇതോടെ മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ രണ്ട് ദിവസം മാത്രം മതിയാവും.
ആദ്യം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിന് ഏഴ് ദിവസം നീണ്ട നടപടിക്രമങ്ങളാണുണ്ടായിരുന്നത്. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ആദ്യം എസ്.എം.എസ് വഴി അപേക്ഷിക്കണം. അപ്പോള്‍ ഒരു യുണീക്ക് പോര്‍ട്ടിങ് കോഡ് നിര്‍മ്മിക്കപ്പെടും. ഈ കോഡ് ഉപയോഗിച്ച് നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഏത് നെറ്റ് വര്‍ക്കിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത്, ആ സേവനദാതാവിന് അപേക്ഷ നല്‍കണം.
അപ്പോള്‍ പുതിയ ഓപ്പറേറ്റര്‍ പഴയ ഓപ്പറേറ്ററില്‍ നിന്നും നമ്പര്‍ മാറ്റുന്നതിനുള്ള അനുമതി നേടുകയും അക്കാര്യം എംഎന്‍പി സേവനദാതാവിനെ (പഴയ ഓപ്പറേറ്ററുമായും പുതിയ ഓപ്പറേറ്ററുമായും നിങ്ങളെ ബന്ധിപ്പിക്കുന്നത് എംഎന്‍പി സര്‍വീസ് പ്രൊവൈഡറാണ്- എം.എന്‍.പി.എസ്.പി.) അറിയിക്കുന്നു.