സെറ്റ് ടോപ്പ് ബോക്‌സുകള്‍ മാറാതെ ഡിടിഎച്ച് കമ്പനി മാറാം; നിർദേശവുമായി ട്രായ്

April 11, 2020 |
|
News

                  സെറ്റ് ടോപ്പ് ബോക്‌സുകള്‍ മാറാതെ ഡിടിഎച്ച് കമ്പനി മാറാം; നിർദേശവുമായി ട്രായ്

ന്യൂഡല്‍ഹി: സെറ്റ് ടോപ്പ് ബോക്‌സുകള്‍ എല്ലാ കമ്പനികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നതരത്തില്‍ പരിഷ്‌കരിച്ചവയായിരിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ നിര്‍ദേശം. ഇതിനായി ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കണമെന്നും ട്രായ് ആവശ്യപ്പെട്ടു. ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും കേബിള്‍ ടിവി കമ്പനികളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സെറ്റ് ടോപ്പ് ബോക്‌സുകള്‍ കമ്പനിമാറിയാലും ഉപയോഗിക്കാന്‍ പറ്റുന്നതരത്തിലാക്കണമെന്നാണ് നിര്‍ദേശം. ഇതിനായി കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം.

നിലവില്‍ ഡിടിഎച്ച് ഓപ്പറേറ്ററെ മാറ്റിയാല്‍ സെറ്റ് ടോപ്പ് ബോക്‌സും മാറ്റേണ്ട സാഹചര്യമാണുള്ളത്. പുതിയ തീരുമാനം നടപ്പിലാകുന്നതോടെ സെറ്റ് ടോപ്പ് ബോക്‌സ് മാറ്റാതെതന്നെ കമ്പനി മാറാന്‍ ഉപഭോക്താവിന് കഴിയും. കേബിള്‍ ടിവി നെറ്റ് വര്‍ക്കുകള്‍ക്കും ഇത് ബാധകമാണ്. യുഎസ്ബി പോര്‍ട്ടുള്ള പൊതുവായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ് ബോക്‌സുകളാണ് നല്‍കേണ്ടതെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വിപണിയില്‍നിന്ന് സെറ്റ് ടോപ് ബോക്‌സ് വാങ്ങി ഉപയോഗിക്കാനും കഴിയണം.

ഡിജിറ്റല്‍ ടെലിവിഷന്‍ സെറ്റുകളില്‍ സാറ്റ്‌ലൈറ്റ്, കേബിള്‍ സംവിധാനങ്ങളില്‍ നിന്ന് സിഗ്നല്‍ ലഭിക്കുന്നതരത്തിലുള്ള സംവിധാനം കൊണ്ടുവരണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ സേവന ദാതാക്കൾ തമ്മിലുള്ള സെറ്റ് ടോപ്പ് ബോക്‌സുകളുടെ പരസ്പര പ്രവർത്തനക്ഷമതയുടെ അഭാവം ഉപഭോക്താവിന് സേവന ദാതാവിനെ മാറ്റാനുള്ള സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തുക മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തത്തിനും സേവന നിലവാരത്തിലെ മെച്ചപ്പെടുത്തലിനും മൊത്തത്തിലുള്ള മേഖലയുടെ വളർച്ചയ്ക്കും ഒരു തടസ്സം സൃഷ്ടിക്കുന്നു, ട്രായ് പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved