ട്രെയിനുകള്‍ ഓടിത്തുടങ്ങിയെന്ന തെറ്റായ സന്ദേശം; ആപ്പ് കമ്പനിക്ക് നേരെ നടപടി; അധികൃതര്‍ ഊര്‍ജിത അന്വേഷണം നടത്തിയേക്കും

April 02, 2020 |
|
News

                  ട്രെയിനുകള്‍ ഓടിത്തുടങ്ങിയെന്ന തെറ്റായ സന്ദേശം; ആപ്പ് കമ്പനിക്ക് നേരെ നടപടി; അധികൃതര്‍ ഊര്‍ജിത അന്വേഷണം നടത്തിയേക്കും

തിരുവനന്തപുരം: ട്രെയിനുകള്‍ ഓടിത്തുടങ്ങിയെന്ന തെറ്റായ വിവരം നല്‍കിയ സ്വകാര്യ മൊബൈല്‍ ആപ്പുകള്‍ക്കെതിരേ നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. കഴിഞ്ഞ ദിവസങ്ങളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയെന്ന സന്ദേശം അതിഥിത്തൊഴിലാളികള്‍ ഉള്‍പ്പെടെ പലര്‍ക്കും ലഭിച്ചിരുന്നു. ദീര്‍ഘദൂര എക്‌സ്പ്രസുകള്‍ ഓടുന്നതായി മൊബൈല്‍ ആപ്പില്‍ കാണിച്ചിരുന്നു. ഈ വിവരം വിശ്വസിച്ച് തിരുവല്ല റെയില്‍വേ സ്റ്റേഷനിലേക്ക് തൊഴിലാളികള്‍ എത്താന്‍ ഇടയുണ്ടെന്ന് ആര്‍പിഎഫ് ഇന്റലിജന്‍സ് വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

അതേസമയം അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ആപ്പില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തി. ഇതോടെ ഇവര്‍ക്കെതിരേ നടപടി എടുക്കാന്‍ റെയില്‍വേ സൈബര്‍ പോലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

ട്രെയിനുകളുടെ യാത്രാസമയം കൃത്യമായി അപ്ഡേറ്റ് ചെയ്യാത്ത നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളുണ്ട്. റെയില്‍വേ സമയപട്ടിക പ്രകാരം തയ്യാറാക്കിവെച്ചിരിക്കുന്നവയാണ് ഇവയില്‍ ഭൂരിഭാഗവും. എന്നാല്‍ ട്രെയിനുകളുടെ ജി.പി.എസ്. വിവരം കൈമാറിയിട്ടില്ലാത്തിനാല്‍ വണ്ടികള്‍ വൈകിയോടുന്നത് ഇവര്‍ക്ക് അറിയാന്‍ കഴിയില്ല. 

അതുകൊണ്ടു തന്നെ മൊബൈല്‍ഫോണ്‍ വഴി ജിപിഎസ് അടിസ്ഥാനമാക്കി സമീപത്തെ റെയില്‍വേ സ്റ്റേഷനുകളില്‍നിന്നുള്ള വണ്ടികളുടെ പട്ടിക മാത്രമാണ് ഇവ നല്‍കുന്നത്. ഇങ്ങനെയാണ് സമയപട്ടിക പ്രകാരമുള്ള സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയതായി ആപ്പില്‍ കാണിക്കുക. എന്നാല്‍ ഇതിലൂടെ നിരവധി യാത്രക്കാര്‍ കബളിപ്പിക്കപ്പെടാറുമുണ്ട്. 

ട്രെയികളുടെ യാത്രാവിവരം കൃത്യമായി അറിയാന്‍ റെയില്‍വേയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി എന്ന ആപ്പാണ് റെയില്‍വേയുടെ ഔദ്യോഗിക സംവിധാനം. 

Related Articles

© 2025 Financial Views. All Rights Reserved