
കേരളത്തിലെ വൈദ്യുതി വിതരണ രംഗത്തെ നിലവിലുളള പ്രതിസന്ധികള്‍ക്ക് പരിഹാരമായാണ് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ് ഗ്രിഡ് പദ്ധതി ആവിഷ്‌കരിക്കുന്നത്. വൈദ്യുതി പ്രസരണ രംഗത്ത് വന്‍ മുന്നേറ്റമാണ് ട്രാന്‍സ് ഗ്രിഡിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ ഉണ്ടാവുക. വടക്കന്‍ കേരളത്തിലെ വോള്‍ട്ടേജ് ക്ഷാമം, ദിവസേനയുള്ള 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാണ് ട്രാന്‍സ് ഗ്രിഡ് 2.0 പദ്ധതി.
2016 സെപ്റ്റംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് 5,200 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്ക് അനുമതി നല്‍കിയത്. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് (KSEBL) ആണ് നടത്തിപ്പ് ചുമതലയുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ (SPV). ഇതില്‍ ഏതാണ്ട് 1,500 കോടി രൂപ ചെലവ് വരുന്ന 10 പാക്കേജുകളുടെ നിര്‍മാണ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത്.