
മുംബൈ: ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് നെഫ്റ്റിനെ (നാഷണല്‍ ഇലക്ട്രോണിക്ക് ഫണ്ട് ട്രാന്‍സ്ഫര്‍) കടത്തിവെട്ടി യുപിഐയുടെ (യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) മുന്നേറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം നെറ്റ്ഫിലൂടെ നടന്നിരുന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളില്‍ 8 ശതമാനം ഇടിവാണ് നേരിട്ടത്. വിവിധ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ മൂല്യത്തില്‍ കഴിഞ്ഞ വര്‍ഷം 20 ശതമാനം വളര്‍ച്ചയും ആകെ ട്രാന്‍സാക്ഷനുകളുടെ എണ്ണത്തില്‍ 77 ശതമാനം വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇക്കാലയളവില്‍ നെഫ്റ്റ് ട്രാന്‍സാക്ഷനുകളുടെ മൂല്യത്തില്‍ 6.5 ശതമാനവും ആകെ ട്രാന്‍സ്ഫറുകളില്‍ 22 ശതമാനം വളര്‍ച്ചയും മാത്രമാണ് കാണപ്പെട്ടത്.
2021ല്‍ മാത്രം നടന്ന ട്രാസ്ഫറുകളുടെ ആകെ മൂല്യത്തില്‍ 98 ശതമാനം വളര്‍ച്ചയാണ് യുപിഐയ്ക്ക് ലഭിച്ചത്. ആകെ ഇടപാടുകളില്‍ 104 ശതമാനം വളര്‍ച്ച യുപിഐ നേടി. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ (സിഎജിആര്‍) 234 ശതമാനം വളര്‍ച്ച യുപിഎ പേയ്മെന്റുകളില്‍ ഉണ്ടായി.
മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്ക് അത്രയും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുവെന്ന് മോത്തിലാല്‍ ഓസ് വാള്‍ സെക്യൂരിറ്റീസ് സീനിയര്‍ അനലിസ്റ്റ് നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ലളിതമായ ഉപയോഗ രീതിയും ഇതര ചാര്‍ജുകള്‍ ഇല്ലാത്തതും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായതിനാലാണ് യുപിഐയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
2020 ജനുവരി മുതല്‍ 2022 ജനുവരി വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ യുപിഐയുടെ ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ക്കറ്റ് വിഹിതം 8.1 ശതമാനത്തില്‍ നിന്നും 20 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 40.7 ലക്ഷം കോടി രൂപ മൂല്യമുള്ള റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ 60 ശതമാനവും നെഫ്റ്റ് വഴിയാണ് നടന്നതെന്നും എന്നാല്‍ ചുരുങ്ങിയ കാലയളവ് കൊണ്ട് 20 ശതമാനം അധിക ട്രാന്‍സ്ഫറുകള്‍ യുപിഐയിലേക്ക് എത്തിയെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.
2020 ഡിസംബറില്‍ നടന്ന റീട്ടെയില്‍ ക്രെഡിറ്റ് ട്രാന്‍സ്ഫറുകളുടെ ആകെ മൂല്യം കണക്കാക്കിയാല്‍ 75 ശതമാനമാണ് നെഫ്റ്റിനുണ്ടായിരുന്നത്. 2021 ഡിസംബറായപ്പോഴേക്കും ഇത് 66.8 ശതമാനമായി. ഇക്കാലയളവില്‍ യുപിഐ വഴിയുള്ള റീട്ടെയില്‍ ട്രാന്‍സാക്ഷനുകളുടെ മൂല്യത്തില്‍ 20 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനായി (ഡിസംബര്‍ 2021ലെ കണക്കുകള്‍ പ്രകാരം).