
നെറ്റ് ബാങ്കിംഗ്, യുപിഐ, മൊബൈല്‍ വാലറ്റ് തുടങ്ങിയ പുത്തന്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമായതോടെ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പണം അയക്കുവാന്‍ കഴിയുന്ന സ്ഥിതിയാണ്. എന്നാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറി പോയ പിഴവ് ധാരാളം ഉണ്ടാകുന്നുമുണ്ട്. അങ്ങനെ തെറ്റായ അക്കൗണ്ടിലേക്ക് പോയ നമ്മുടെ പണം തിരിച്ചു കിട്ടുമോ എന്നത് എല്ലാവര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാകും. കിട്ടുമെന്ന് തന്നെയാണ് ഉത്തരം. നോക്കാം.
മറ്റേതോ ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത് എന്ന് വ്യക്തമായാല്‍ അപ്പോള്‍ തന്നെ ഇക്കാര്യം നിങ്ങളുടെ ബാങ്കിനെ അറിയിക്കാം. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് ഉടനെ തന്നെ വിളിച്ച് സംഭവിച്ച കാര്യങ്ങള്‍ വ്യക്തമാക്കാം. മാനേജരെയും വിളിച്ചറിയിക്കാം.നിങ്ങളുടെ പ്രസ്തുത ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇമെയില്‍ ആയി നല്‍കുവാന്‍ ബാങ്ക് ആവശ്യപ്പെടുകയാണെങ്കില്‍ വ്യക്തമായി മുഴുവന്‍ വിവരങ്ങളും മെയിലായി അയച്ചു നല്‍കാം. ഇടപാട് നടന്ന തീയ്യതി, സമയം, നിങ്ങളുടെ അക്കൗണ്ട് നമ്പര്‍, പണം അയച്ചിരിക്കുന്ന അക്കൗണ്ട് നമ്പര്‍ എന്നിവ മറക്കാതെ നല്‍കുവാന്‍ ശ്രദ്ധിയ്ക്കാം. എത്രയും വേഗം പണം തിരികെ ലഭിക്കാന്‍ നിങ്ങളുടെ ബാങ്ക് നടപടി ആരംഭിക്കും.മറ്റൊരു ബാങ്കിലേക്കാണ് പണം പോയതെങ്കില്‍ ചിലപ്പോള്‍ കുറച്ചധികം സമയം എടുത്തേക്കാം. രണ്ട് മാസം വരെ സമയം തീര്‍പ്പാക്കാന്‍ എടുത്തെന്നും വരാം. ആരുടെ അക്കൗണ്ടിലേക്കാണ് പണം പോയത് അവരോട് അവരുടെ ബാങ്ക് വഴി അപേക്ഷിച്ചതിന് ശേഷമാണ് പണം നിങ്ങള്‍ക്ക് ലഭിക്കുന്നത്.നിങ്ങളുടെ അതേ ബാങ്കിലാണ് നിങ്ങള്‍ തെറ്റായി പണം കൈമാറിയിരിക്കുന്നതെങ്കില്‍ കാല താമസം ഇല്ലാതെ തന്നെ പണം നിങ്ങള്‍ക്ക് തിരികെ ലഭിക്കും.
ബാങ്ക് അക്കൗണ്ട് നിലവിലില്ലാത്ത അക്കൗണ്ട് ആണെങ്കില്‍ മറ്റൊന്നും ചെയ്യാതെ തന്നെ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് തിരികെ വരും.ആര്‍ബിഐ നിര്‍ദേശപ്രകാരം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുമ്പോള്‍ നിങ്ങള്‍ക്ക് അത് സംബന്ധിച്ച സന്ദേശം ഫോണില്‍ ലഭിക്കും. തെറ്റായി മറ്റേതെങ്കിലും അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കപ്പെട്ടതെങ്കില്‍ ഉടന്‍ തന്നെ ആവശ്യ നടപടികള്‍ കൈക്കൊള്ളാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശമുണ്ട്. തെറ്റായി അയച്ചിരിക്കുന്ന പണം തിരികെ നിങ്ങള്‍ക്ക് ലഭ്യമാക്കേണ്ടുന്ന മുഴുവന്‍ ഉത്തരവാദിത്വവും നിങ്ങളുടെ ബാങ്കിന്റേതാണ്.